ബദരീനാഥിലും കേദാര്‍നാഥിലും അഹിന്ദുക്കള്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനം
ശാരികl ദേശീയം l ന്യൂഡൽഹി
ഹിമാലയ സാനുക്കളില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു. ചതുര്‍ധാം യാത്രയുടെ ഭാഗമായ ഈ രണ്ട് പ്രധാന ക്ഷേത്രങ്ങളിലും ഹിന്ദു ഇതര മതസ്ഥര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനാണ് സമിതിയുടെ നീക്കം. ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ (ബി.കെ.ടി.സി) കീഴിലുള്ള മറ്റ് ക്ഷേത്രങ്ങൾക്കും ഈ വിലക്ക് ബാധകമാക്കുമെന്ന് ബി.കെ.ടി.സി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി അറിയിച്ചു. ദേവഭൂമിയിലെ മതപരവും സാംസ്‌കാരികവുമായ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നത് പരമപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ കമ്മിറ്റിയുടെ കീഴിലുള്ള ഏകദേശം 45 ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതുസംബന്ധിച്ച ഔദ്യോഗിക നിര്‍ദ്ദേശം വരാനിരിക്കുന്ന ക്ഷേത്ര കമ്മിറ്റി ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ച് പാസാക്കും. ആറ് മാസത്തെ ശീതകാല അവധിക്ക് ശേഷം ഏപ്രില്‍ 23-നാണ് ബദരീനാഥ് ക്ഷേത്രത്തിന്റെ നട തുറക്കുന്നത്. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ നട തുറക്കുന്ന തീയതി ശിവരാത്രി ദിനത്തില്‍ പ്രഖ്യാപിക്കും. നേരത്തെ ഹരിദ്വാറിലെ ഗംഗാ തീരങ്ങളിലും പരിസര പ്രദേശങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കാൻ ഉത്തരാഖണ്ഡ് സർക്കാർ നീക്കം നടത്തിയിരുന്നു. ഇതിന് പുറമെ, 2027-ൽ നടക്കാനിരിക്കുന്ന അർധ കുംഭമേളക്ക് മുന്നോടിയായി ഹരിദ്വാറിനെയും ഋഷികേശിനെയും സനാതന പവിത്ര നഗരങ്ങളായി പ്രഖ്യാപിക്കാനും നീക്കങ്ങൾ നടക്കുന്നുണ്ട്.
gdsfgdf


