അമേരിക്കയിൽ അതിശൈത്യം : 11 മരണം; 23 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ
ശാരിക l അന്തർദേശീയം l വാഷിങ്ടൺ:
അമേരിക്കയിൽ ശൈത്യം അതിരൂക്ഷമായി തുടരുന്നു. 'ഫേൺ' ശീതകൊടുങ്കാറ്റിലും കനത്ത മഞ്ഞുവീഴ്ചയിലും ഇതുവരെ 11 പേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ അഞ്ചുപേർ ന്യൂയോർക്കിൽ തെരുവിൽ കഴിയുന്നവരാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സ്ഥിതിഗതികൾ ഗുരുതരമായതിനെത്തുടർന്ന് 23 സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരെ അതിശൈത്യം ബാധിച്ചതായി നാഷണൽ വെതർ സർവീസ് അറിയിച്ചു.
കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് പത്ത് ലക്ഷത്തോളം പേർക്ക് വൈദ്യുതി മുടങ്ങി. പതിനായിരത്തിലധികം വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും സ്തംഭിച്ചു. സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ സംസ്ഥാനങ്ങളായ ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, മസാച്യൂസെറ്റ്‌സ് എന്നിവിടങ്ങളിൽ അഞ്ച് ഇഞ്ച് മുതൽ ഒന്നരയടി വരെ കനത്തിലാണ് മഞ്ഞ് വീണുകിടക്കുന്നത്. സാധാരണ അതിശൈത്യം ബാധിക്കാത്ത തെക്കൻ സംസ്ഥാനങ്ങളിലും ഐസിങ് മൂലം ജനജീവിതം ദുഷ്കരമായിരിക്കുകയാണ്.
റോഡുകളിലേക്ക് ഇറങ്ങരുതെന്നും യാത്രകൾ പരമാവധി ഒഴിവാക്കി വീടുകളിൽ തന്നെ തുടരണമെന്നും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. ന്യൂയോർക്ക് നഗരത്തിൽ സുരക്ഷയ്ക്കായി ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. 126 ഷെൽട്ടറുകളും വാമിങ് സെന്ററുകളും തുറന്നതായി മേയർ മംദാനി അറിയിച്ചു. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ജനജീവിതം സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും.
asdasd


