രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: വി. കുഞ്ഞികൃഷ്ണനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി


ശാരിക l കേരളം l കണ്ണൂര്‍:

പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി. കുഞ്ഞികൃഷ്ണനെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടറിയേറ്റിന്റെ ഈ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനാണ് നടപടി ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുറത്താക്കൽ നടപടി ഈ മാസം 27ന് പയ്യന്നൂരിലെ പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ച് റിപ്പോര്‍ട്ട് ചെയ്യും. ഇതിന് പിന്നാലെ ലോക്കല്‍, ജനറല്‍ ബോഡി യോഗങ്ങള്‍ ചേരാനും തീരുമാനമായിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 3.30ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തില്‍ ടി.ഐ. മധുസൂദനൻ എം.എൽ.എക്കെതിരെ കുഞ്ഞികൃഷ്ണൻ നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. എന്നാൽ കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നാണ് എം.വി. ജയരാജന്‍റെ വാദം. പാര്‍ട്ടി നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്നും ഫണ്ട് പിരിവിന്‍റെ പേരില്‍ ധനാപഹരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുള്ളതാണെന്നും വ്യക്തിപരമായി ആരും പണം അപഹരിച്ചിട്ടില്ലെന്നുമാണ് പാർട്ടിയുടെ കണ്ടെത്തലെന്നും ജയരാജൻ വ്യക്തമാക്കി. പാർട്ടിയുടെ നിലപാടിന് യോജിക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരെ ഒരു രീതിയിലും വെച്ചുപൊറുപ്പിക്കില്ലെന്ന് കെ.കെ. രാഗേഷും പ്രതികരിച്ചു.

ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ ഒരുകോടിയോളം രൂപ പിരിച്ചെടുത്ത് ഇതിൽനിന്ന് വലിയ തുക വകമാറ്റിയതായും ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിലെ കടം വീട്ടാൻ ഇത് ഉപയോഗിച്ചതായും കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. എന്നാൽ ഫണ്ട് തിരിമറി അന്വേഷിക്കാൻ നിയോഗിച്ച ടി.വി. രാജേഷ്, പി.വി. ഗോപിനാഥ് എന്നിവർ അംഗങ്ങളായ കമ്മീഷൻ പാർട്ടിക്ക് നഷ്ടം വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. കണക്ക് അവതരിപ്പിക്കാൻ വൈകിയതിനു മാത്രമാണ് നടപടിയുണ്ടായത്. ഇ.പി. ജയരാജനെക്കുറിച്ച് ആരോപണമുന്നയിച്ചപ്പോഴും കമ്മീഷന്റെ നടപടി ഏകപക്ഷീയമായിരുന്നുവെന്ന് കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി. ഏരിയ കമ്മിറ്റിയിലെ 17 പേർ എതിർത്തിട്ടും തന്നെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെന്നും പാർട്ടിക്കുള്ളിൽ പോരാടാനാണ് തിരിച്ചുപോയതെങ്കിലും ആ പ്രതീക്ഷ അസ്തമിച്ചതിനാലാണ് കാര്യങ്ങൾ ജനങ്ങളോട് തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റേത് ഒറ്റയാള്‍ പോരാട്ടമല്ലെന്നും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പയ്യന്നൂരിലെ ഭൂരിഭാഗം സഖാക്കളും തന്നോടൊപ്പമുണ്ടെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ തന്നെ പുറത്താക്കിയാലും പാർട്ടിയിൽ വിഭാഗീയത ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dfdgf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed