ഭാരതം എഴുപത്തിയേഴാം റിപ്പബ്ലിക് ദിന നിറവിൽ; മുഖ്യാതിഥികളായി യൂറോപ്യൻ യൂണിയൻ നേതാക്കൾ
ശാരിക l ദേശീയം l ന്യൂഡൽഹി:
ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ ദേശീയതയുടെയും സൈനിക കരുത്തിന്റെയും ഉജ്ജ്വലമായ വിളംബരത്തോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. പരേഡ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിന് സമീപമുള്ള നാഷണല്‍ വാര്‍ മെമ്മോറിയലിലെത്തി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു. സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേന മേധാവി അഡ്മിറല്‍ ദിനേഷ് കുമാര്‍ ത്രിപാഠി, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആദരമര്‍പ്പിച്ച ശേഷം വാര്‍ മെമ്മോറിയലിലെ ഡിജിറ്റല്‍ ഡയറിയില്‍ റിപ്പബ്ലിക് ദിന സന്ദേശം രേഖപ്പെടുത്തിയ പ്രധാനമന്ത്രി തുടര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനൊപ്പം കര്‍ത്തവ്യ പഥിലേക്ക് തിരിച്ചു.
പ്രധാനമന്ത്രി കര്‍ത്തവ്യ പഥില്‍ എത്തിയതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും മുഖ്യാതിഥികളായ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയനും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും കുതിരകളെ പൂട്ടിയ പ്രത്യേക ബഗ്ഗിയില്‍ വേദിയിലെത്തിച്ചേര്‍ന്നു. 90 മിനിറ്റ് നീളുന്ന പരേഡില്‍ ആകെ 30 നിശ്ചലദൃശ്യങ്ങളാണ് ഇത്തവണ അണിനിരക്കുന്നത്. ഇതില്‍ നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരതയും വാട്ടര്‍ മെട്രോയും എന്ന പ്രമേയത്തിലവതരിപ്പിച്ച കേരളത്തിന്റെ നിശ്ചലദൃശ്യം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും അത്യാധുനിക സൈനിക ആയുധശേഖരവും പ്രദര്‍ശിപ്പിക്കുന്ന ഈ പരേഡ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് തത്സമയം വീക്ഷിക്കുന്നത്.
ssdss


