മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതം ചെയ്യുന്നു; വെള്ളാപ്പള്ളിക്കെതിരെ പരോക്ഷ വിമർശനവുമായി കെ. മുരളീധരൻ
ശാരിക l കേരളം l തിരുവനന്തപുരം:
പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായ വെള്ളാപ്പള്ളി നടേശനെ പരോക്ഷമായി വിമർശിച്ചും ശശി തരൂരിന്റെ സി.പി.എം പ്രവേശന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞും മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. വി.എസ്. അച്യുതാനന്ദൻ, മമ്മൂട്ടി, വിമലാ മേനോൻ എന്നിവർക്ക് ലഭിച്ച മൂന്ന് പത്മ പുരസ്കാരങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ പുരസ്കാരങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പുരസ്കാരങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെ ദുരുദ്ദേശ്യങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും വെള്ളാപ്പള്ളിയെ ലക്ഷ്യം വെച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശശി തരൂർ സി.പി.എമ്മിലേക്ക് പോകുമെന്ന വാർത്തകളെ പരിഹാസത്തോടെയാണ് മുരളീധരൻ നേരിട്ടത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ തരൂരിനെപ്പോലൊരു നേതാവ് ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലിൽ കയറുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ലെന്നും, ഏപ്രിൽ ഒന്നിന് മാത്രം പറയാൻ പറ്റുന്ന കാര്യമാണിതെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം എന്നത് സത്യമാണ്. മഹാപഞ്ചായത്തിൽ അദ്ദേഹത്തിന്റെ പേര് പരാമർശിക്കാത്തതിൽ തരൂരിന് പ്രയാസമുണ്ടായിട്ടുണ്ട്.
രാഹുൽ ഗാന്ധി അദ്ദേഹത്തിന് എഴുതി നൽകിയ പേരുകളാണ് വായിച്ചത് എന്നതിനാൽ മനഃപൂർവം പേര് ഒഴിവാക്കിയതല്ലെന്നും മുരളീധരൻ വ്യക്തമാക്കി. തരൂരിന്റെ വിഷമം പാർട്ടി ഗൗരവമായാണ് കാണുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി നേരിട്ട് തരൂരുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കും. തരൂർ ഒരു ഫുൾടൈം രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ വേദന തോന്നുന്നതെന്നും തങ്ങളെപ്പോലുള്ളവർക്ക് ഇതിൽ വലിയ പ്രശ്നമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
sdvdsf


