രാജ്യത്ത് വൈദ്യുതി നിരക്ക് ഇനി സ്വയം വർധിക്കും; കേന്ദ്രത്തിന്റെ പുതിയ ദേശീയ നയം വരുന്നു
ശാരിക I ദേശീയം I മുംബൈ
അടുത്ത സാമ്പത്തിക വർഷം മുതൽ രാജ്യത്തെ ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകൾ എല്ലാ വർഷവും സ്വയം വർധിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുന്നു. കേന്ദ്ര സർക്കാർ തയ്യാറാക്കിയ പുതിയ ദേശീയ വൈദ്യുതി നയത്തിന്റെ (NEP) കരടിലാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങളുള്ളത്. വൈദ്യുതി ഉൽപ്പാദനത്തിനും വിതരണത്തിനുമുള്ള ചെലവ് വർധിക്കുന്നതിനനുസരിച്ച് നിരക്കുകൾ സ്വയം പുതുക്കപ്പെടുന്ന 'ഇൻഡക്സ് ലിങ്ക്ഡ് താരിഫ്' സംവിധാനമാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയം വിഭാവനം ചെയ്യുന്നത്.
വൈദ്യുതി വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചെലവിലെ ഏറ്റക്കുറച്ചിലുകൾ പൂർണ്ണമായും ഉപഭോക്താവിൽ നിന്ന് ഈടാക്കണമെന്നാണ് നയത്തിലെ പ്രധാന നിർദ്ദേശം. നിലവിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനുകളാണ് നിരക്ക് നിശ്ചയിക്കുന്നത്. എന്നാൽ റഗുലേറ്ററി കമ്മീഷനുകൾ നടപടി സ്വീകരിച്ചില്ലെങ്കിലും ഉൽപ്പാദനച്ചെലവ് കണക്കാക്കി നിരക്ക് സ്വയം വർധിക്കുന്ന രീതിയാണ് പുതിയ നയം വിഭാവനം ചെയ്യുന്നത്. വിതരണ കമ്പനികൾ നേരിടുന്ന കനത്ത സാമ്പത്തിക ബാധ്യതയും വിതരണ നഷ്ടവും പരിഹരിക്കാനാണ് ഈ നീക്കം.
നിലവിൽ ഒരു യൂണിറ്റ് വൈദ്യുതി വിതരണം ചെയ്യാൻ ശരാശരി 6.82 രൂപ ചെലവാകുമ്പോൾ ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത് 6.47 രൂപ മാത്രമാണ്. ഈ നഷ്ടം ഒഴിവാക്കി വൈദ്യുതി മേഖലയുടെ നിലനിൽപ്പ് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കരട് നയത്തിന്മേൽ സംസ്ഥാനങ്ങളും ഉപഭോക്തൃ സംഘടനകളും 30 ദിവസത്തിനകം അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നയം നടപ്പിലാകുന്നതോടെ ഉപഭോക്താക്കൾക്ക് മാസാമാസം ഉയർന്ന വൈദ്യുതി നിരക്ക് നൽകേണ്ടി വരുമെന്നാണ് സൂചന.
ghfgh


