ട്വന്റി 20 ഇനി എൻ.ഡി.എയിൽ; കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി ബി.ജെ.പി
ശാരിക I കേരളം I തിരുവനന്തപുരം
സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാർട്ടി ഔദ്യോഗികമായി എൻ.ഡി.എ (NDA) മുന്നണിയുടെ ഭാഗമായി. കൊച്ചിയിൽ വെച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബു എം. ജേക്കബും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വികസിത കേരളം, വിശ്വാസ സംരക്ഷണം, സുരക്ഷിത കേരളം എന്നീ കാഴ്ചപ്പാടുകൾ മുൻനിർത്തിയാണ് ട്വന്റി 20യെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എത്തിയ പാർട്ടിയാണ് ട്വന്റി 20 എന്നും, കേരളത്തിന്റെ വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ സാബു എം. ജേക്കബും പാർട്ടിയും ഔദ്യോഗികമായി എൻ.ഡി.എയുടെ ഭാഗമാകും.
ട്വന്റി 20യെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മുന്നണികൾക്കുള്ള മറുപടിയാണ് ഈ തീരുമാനമെന്ന് സാബു എം. ജേക്കബ് പ്രതികരിച്ചു. ഒരുപാട് ആലോചനകൾക്ക് ശേഷം എടുത്ത ജീവിതത്തിലെ നിർണ്ണായക തീരുമാനമാണിതെന്നും, കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സഖ്യം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
sdfs


