പത്തനംതിട്ട ഫെസ്റ്റ് ‘ഹർഷം 2026’ ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'പത്തനംതിട്ട ഫെസ്റ്റ് ഹർഷം 2026'-ന്റെ ഭാഗമായി വനിതാ വിംഗിന്റെ നേതൃത്വത്തിൽ നടത്തിയ പായസ മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പതിനെട്ടോളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ പരമ്പരാഗതമായ ചക്ക പായസം മുതൽ വ്യത്യസ്തമായ ബ്രോക്കോളി പായസം വരെ രുചി വൈവിധ്യങ്ങളാൽ വിധികർത്താക്കളെയും കാണികളെയും വിസ്മയിപ്പിച്ചു.
പായസത്തിന്റെ രുചിക്കൊപ്പം തന്നെ അവ അവതരിപ്പിച്ച രീതിക്കും അലങ്കാരങ്ങൾക്കും മാർക്ക് നൽകിയിരുന്നു. ബഹ്‌റൈനിലെ പ്രമുഖ ഷെഫ്മാരായ യു.കെ. ബാലൻ, സിജി ബിനു എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരത്തിൽ സന്ധ്യാ രഞ്ചൻ ഒന്നാം സ്ഥാനവും, രമണി അനിൽ മാരാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ശിവകുമാർ ഓമനയമ്മ, പ്രിയ പ്രദീപ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
പായസ മത്സരത്തിന്റെ സമാപന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചു. വനിതാ വിംഗ് കൺവീനർ ശോഭ സജി സ്വാഗതവും ജില്ലാ ട്രഷറർ സിജി തോമസ് നന്ദിയും പറഞ്ഞു. ഒഐസിസി ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം, നാഷണൽ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി ആറിന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഹർഷം 2026 സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും. ഫെസ്റ്റ് ചെയർമാൻ സയ്യിദ് എം.എസ്, ജനറൽ കൺവീനർ ജീസൺ ജോർജ്, വനിതാ വിംഗ് പ്രസിഡന്റ് മിനി മാത്യു എന്നിവരടക്കം നിരവധി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
aaa


