അധികാരത്തിലെത്തിയാൽ പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര; വൻ വാഗ്ദാനങ്ങളുമായി അണ്ണാ ഡി.എം.കെ
ഷീബ വിജയൻ
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന വാഗ്ദാനങ്ങളുമായി അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി. മുൻ മുഖ്യമന്ത്രി എം.ജി.ആറിന്റെ 109-ാം ജന്മദിനാഘോഷ ചടങ്ങിലാണ് ജനപ്രിയ പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചത്. അണ്ണാ ഡി.എം.കെ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പുറമെ പുരുഷന്മാർക്കും ടൗൺ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നതാണ് പ്രധാന വാഗ്ദാനം. കൂടാതെ ‘കുലവിളക്ക്’ പദ്ധതിയിലൂടെ എല്ലാ കുടുംബ കാർഡ് ഉടമകൾക്കും പ്രതിമാസം 2,000 രൂപ സഹായധനം വീട്ടമ്മമാരുടെ അക്കൗണ്ടിലെത്തിക്കും. ഭവനരഹിതർക്കായി ‘അമ്മ ഇല്ലം’ പദ്ധതിയിലൂടെ വീടും സ്ഥലവും, സ്ത്രീകൾക്ക് ഇരുചക്ര വാഹനത്തിന് 25,000 രൂപ സബ്സിഡി, തൊഴിലുറപ്പ് ദിനങ്ങൾ 150 ആയി വർദ്ധിപ്പിക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി. എന്നാൽ ഡി.എം.കെ നൽകിയ വാഗ്ദാനങ്ങൾ മാത്രമേ പാലിക്കപ്പെടാറുള്ളൂ എന്ന് ഭരണകക്ഷി ഇതിനോട് പ്രതികരിച്ചു.
po'o[opi

