ഇസ്രായേൽ കൊന്നൊടുക്കിയത് 60,000ത്തിലധികം ആളുകളെ; ഇന്ത്യാ സർക്കാറിന്റെ മൗനം ലജ്ജാവഹമെന്നും പ്രിയങ്ക ഗാന്ധി

ഷീബ വിജയൻ
ന്യൂഡൽഹി I ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണെന്നും ഇന്ത്യാ സർക്കാറിന്റെ മൗനം ലജ്ജാകരമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് പ്രിയങ്ക ഇസ്രായേലിനെയും കേന്ദ്ര സർക്കാറിനെയും ആക്രമിച്ചത്. ‘60,000ത്തിലധികം ആളുകളെ അവർ കൊലപ്പെടുത്തി. അതിൽ 18,430പേർ കുട്ടികളായിരുന്നു. നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെയുള്ളവരെ അവർ പട്ടിണിയിലാഴ്ത്തി. ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. നിശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുന്നതും മറ്റൊരു കുറ്റകൃത്യമാണ്. ഇസ്രായേൽ ഫലസ്തീൻ ജനതയുടെ മേൽ ഈ സർവനാശം അഴിച്ചുവിടുമ്പോൾ ഇന്ത്യാ സർക്കാർ മൗനം പാലിക്കുന്നത് ലജ്ജാകരമാണ്’ എന്ന് അവർ ‘എക്സി’ലെ ഒരു പോസ്റ്റിൽ പറഞ്ഞു.
‘അഞ്ച് അൽ ജസീറ പത്രപ്രവർത്തകരുടെ ക്രൂരമായ കൊലപാതകം ഫലസ്തീൻ മണ്ണിൽ നടന്ന മറ്റൊരു ഹീനമായ കുറ്റകൃത്യമാണ്. സത്യത്തിനുവേണ്ടി നിലകൊള്ളുന്നവരുടെ അളവറ്റ ധൈര്യത്തെ ഇസ്രായേലിന്റെ അക്രമത്തിനും വിദ്വേഷത്തിനും ഒരിക്കലും തകർക്കാനാവില്ല. മാധ്യമങ്ങളിൽ ഭൂരിഭാഗവും അധികാരത്തിനും കച്ചവടത്തിനും അടിമപ്പെട്ടിരിക്കുന്ന ഒരു ലോകത്ത്, യഥാർഥ പത്രപ്രവർത്തനം എന്താണെന്ന് ഈ ധീരാത്മാക്കൾ നമ്മെ ഓർമിപ്പിക്കുന്നു. അവരിനി സമാധാനത്തോടെ വിശ്രമിക്കട്ടെ.’ എന്നും മറ്റൊരു പോസ്റ്റിൽ കോൺഗ്രസ് എം.പി പ്രതികരിച്ചു.
DESFDSFDD