പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; സ്പീക്കർ എഎൻ ഷംസീർ ഉൾപ്പടെയുള്ളവരെ വെറുതെ വിട്ടു

പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ നിയമസഭാ സ്പീക്കർ എ എന്‍ ഷംസീർ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടു. കണ്ണൂരിൽ 11 വർഷം മുന്‍പ് കളക്ട്രേറ്റ് മാർച്ചിൽ അക്രമം നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്ന കേസിലാണ് സ്പീക്കർ എഎൻ ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ തുടങ്ങി വിചാരണ നേരിട്ട 69 പ്രതികളെയും കുറ്റക്കാരല്ല എന്ന് കണ്ട് കോടതി വെറുതെ വിട്ടത്.
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതിൽ പ്രതിഷേധിച്ച് എൽഡിഎഫ് യുവജനസംഘടനകളുടെ നേതൃത്വത്തിൽ 2012 മാർച്ച് 21ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് വിചാരണ നേരിട്ട പ്രതികൾ കുറ്റക്കാരല്ല എന്ന് കോടതി വിധിച്ചത്. കണ്ണൂർ അസി. സെഷൻസ് ജഡ്ജി രാജീവൻ വാച്ചാൽ ആണ് വിധി പ്രസ്താവിച്ചത്. അന്ന് ഡിവൈഎഫ്ഐ നേതാവായിരുന്ന എഎൻ ഷംസീറായിരുന്നു കേസിലെ ഒന്നാം പ്രതി.
പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമവകുപ്പ് ഉൾപ്പടെ ചുമത്തിയായിരുന്നു കേസ്. 16 ലക്ഷം രൂപ കെട്ടിവെച്ച ശേഷമാണ് കേസിലെ പ്രതികൾക്ക് അന്ന് കോടതി ജാമ്യം അനുവദിച്ചത്. പ്രതിഷേധിച്ചവർ പൊലീസിന്റേത് ഉൾപ്പെടെയുള്ള വാഹനങ്ങൾ, കളക്ടറേറ്റിലെ പ്ലാനിങ് വിഭാഗത്തിലെ കമ്പ്യൂട്ടർ സെർവർ എന്നിവ നശിപ്പിക്കുകയും കളക്റ്ററേറ്ററിന്റെ ചുറ്റുമതിലും ഗേറ്റും തകർക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.
t68t67