പ്രകോപന മുദ്രാവാക്യം; വത്സൻ തില്ലങ്കേരി ഉൾപ്പെടെ 200ഓളം പേർക്കെതിരെ കേസ്


കണ്ണൂരിലെ പ്രതിഷേധ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത സംഭവത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കെതിരെ കേസ്. തില്ലങ്കേരിയ്ക്കൊപ്പം 200ഓളം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ണൂർ നഗരത്തിൽ ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് തില്ലങ്കേരി അടക്കമുള്ളവർ പ്രകോപന മുദ്രാവാക്യം മുഴക്കിയത്.

കണ്ണൂർ ബാങ്ക് റോഡ് മുതൽ സ്റ്റേഡിയം കോർണർ വരെയാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ പ്രകടനം നടത്തിയത്. പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ഇത്തരം മുദ്രാവാക്യങ്ങൾ ഉയർത്തില്ലെന്ന് അറിയിച്ചാണ് പ്രകടനത്തിന് അനുമതി വാങ്ങിയത്. എന്നാൽ, അത് ഹിന്ദു ഐക്യ വേദി ലംഘിച്ചു. പ്രകടനത്തിനു ശേഷം തില്ലങ്കേരി പ്രകോപനരമായ പ്രസംഗം നടത്തുകയും ചെയ്തു.

ആർഎസ്എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശമെങ്കിൽ പോപ്പുലർ ഫ്രണ്ടിന്റെ വെല്ലുവിളി സ്വീകരിക്കുമെന്നായിരുന്നു വത്സൻ തില്ലങ്കേരിയുടെ പരാമർശം. ജമാഅത്ത് ഇസ്ലാമി, സുന്നി സംഘടനകൾ, മുസ്ലിം ലീഗ് എന്നിവകളോടൊന്നും സംഘപരിവാറിന് ശത്രുതയില്ല. പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടനയാണ്. കുറേ കാലമായി അവർ ഇവിടെ വെല്ലുവിളിച്ച് നടക്കുന്നു. അതിനെ ഞങ്ങൾ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. എന്നാൽ, നിങ്ങൾ സകല സീമകളും ലംഘിച്ച് ഞങ്ങളുടെ പ്രവർത്തകരെ കൊല്ലുകയാണ്. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെ വെല്ലുവിളി സ്വീകരിക്കുന്നു. സർക്കാരുകളോട് ഒരു കാര്യം വ്യക്തമായി പറയാം. പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ അടക്കി നിർത്താൻ നിങ്ങൾക്കാവുന്നില്ല എങ്കിൽ അവരെ അടക്കേണ്ടത് പോലെ അടക്കാൻ സംഘപരിവാറിന് കരുത്തുണ്ട്. ആ കരുത്ത് ഞങ്ങൾ പ്രകടിപ്പിക്കുക തന്നെ ചെയ്യും എന്നും തില്ലങ്കേരി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed