ഇറാഖിൽ ജനകീയ പ്രക്ഷോഭം; ഷിയാ അനുകൂലികൾ പാർലമെന്റ് കെട്ടിടം കയ്യേറി


ഇറാഖിൽ ജനകീയ പ്രക്ഷോഭം. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായതോടെയാണ് രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായത്. ഷിയാ നേതാവ് മുഖ്തദ അൽ സദ്റിന്‍റെ അനുയായികൾ ഇറാഖ് പാർലമെൻറ് കെട്ടിടം കയ്യേറി. ഇന്നലെ വൈകിട്ട് മുതൽ അർധരാത്രി വരെ പ്രക്ഷോഭകാരികൾ പാർലമെൻ്റ് കെട്ടിടത്തിൽ തുടർന്നു. പിരിഞ്ഞുപോകാൻ സർക്കാർ ആഹ്വാനം നൽകിയെങ്കിലും ഇത് തള്ളിയ പ്രക്ഷോഭകർ, ഇറാൻ അനുകൂലിയായ പ്രധാനമന്ത്രി സ്ഥാനാർത്ഥി മുഹമ്മദ് ഷിയാ അൽ സുഡാനിക്കും ഇടക്കാല സർക്കാറിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. ഒടുവിൽ മുഖ്തദ അൽ സദ്റിന്‍റെ ആഹ്വാനത്തെ തുടർന്നാണ് പ്രക്ഷോഭകർ പാർലമെൻ്റ് കെട്ടിടം ഒഴിഞ്ഞത്.

അതീവ സുരക്ഷയുള്ള പാർലമെൻ്റിലേക്ക് പ്രക്ഷോഭകർ എത്തിയത് സൈന്യത്തിൻ്റെ അകമ്പടിയോടെയാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രക്ഷോഭകർ എത്തിത്തുടങ്ങിയ ഘട്ടത്തിൽ സൈന്യം കണ്ണീർ വാതകം പ്രയോഗിക്കുകയും ഇവരെ തടയുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് സൈന്യം പ്രതിഷേധക്കാർക്ക് ഒത്താശ ചെയ്യുകയായിരുന്നു എന്നാണ് സൂചന.

article-image

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മുഖ്തദ അല്‍ സദറിന്റെ രാഷ്ട്രീയ സഖ്യമാണ് വിജയിച്ചത്. എന്നാല്‍ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് അധികാരമേല്‍ക്കാനായില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 9 മാസമായി രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയായിരുന്നു.

You might also like

Most Viewed