"ഇറാൻ ഭരണകൂടത്തോട് ദയയില്ല"; വ്യോമാതിർത്തി തങ്ങളുടെ നിയന്ത്രണത്തിലെന്ന് അമേരിക്ക
പ്രദീപ് പുറവങ്കര I ബഹ്റൈൻ
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാൻ ഭരണകൂടത്തെ ദയയില്ലാതെ നേരിടുമെന്നും പോരാട്ടം തുടരുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇറാൻ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നും നേതാക്കൾ ഒളിവിൽ പോയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനിക്ക് പരിക്കേൽക്കുകയും മുഖരൂപം വികൃതമാകുകയും ചെയ്തതായും അദ്ദേഹത്തിന് ജനങ്ങളുടെ ഇടയിൽ നിയമസാധുത നഷ്ടപ്പെട്ടതായും ഹെഗ്‌സെത്ത് ആരോപിച്ചു.
ഇതുവരെ ഇറാനിലെ 15,000-ത്തോളം ലക്ഷ്യങ്ങൾ തകർത്തതായി യുഎസ് അറിയിച്ചു. ഇസ്രായേലും അമേരിക്കയും ചേർന്ന് പ്രതിദിനം 1,000 കേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നത്. ഇറാന്റെ നാവികസേനയെയും യുദ്ധവിമാനങ്ങളെയും പൂർണ്ണമായും തകർത്തു. നിലവിൽ ഇറാനിൽ വ്യോമപ്രതിരോധ സംവിധാനങ്ങളോ മിസൈൽ ലോഞ്ചറുകളോ അവശേഷിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ശത്രുക്കളെ ആശയക്കുഴപ്പത്തിലാക്കാൻ അത്യാധുനിക സന്നാഹങ്ങളാണ് ഉപയോഗിക്കുന്നതെന്നും യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിക്കുമെന്നും പ്രതിരോധ സെക്രട്ടറി കൂട്ടിിച്ചേർത്തു.
ഇറാന്റെ വ്യോമാതിർത്തി ഇപ്പോൾ അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കീൻ വ്യക്തമാക്കി. ഇറാന്റെ പോരാട്ടവീര്യം തകർക്കാനാണ് സൈന്യം ശ്രമിക്കുന്നത്. ഇറാനിയൻ ആയുധപ്പുരകൾ കൃത്യതയാർന്ന മിസൈലുകൾ ഉപയോഗിച്ച് തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഹോർമുസ് കടലിടുക്കിനെ ഇറാൻ ബന്ദിയാക്കിയിരിക്കുകയാണെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ ഇപ്പോഴും ശ്രമിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.
aa


