അയൽരാജ്യങ്ങളെ ലക്ഷ്യമിടരുത്; ഇറാനോട് അഭ്യർത്ഥനയുമായി ഹമാസ്
പ്രദീപ് പുറവങ്കര
ഗാസ സിറ്റി: യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമ്പോൾ ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളെ ലക്ഷ്യമിടരുതെന്ന് ഇറാനോട് ഹമാസ് അഭ്യർത്ഥിച്ചു. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹമാസ് ഈ നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ രാജ്യങ്ങൾ ഒത്തൊരുമിച്ച് യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കണമെന്നും ഹമാസ് ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായി തങ്ങൾ നേരിടുന്ന അധിനിവേശത്തിന് മറുപടി നൽകാൻ ഇറാനു അവകാശമുണ്ടെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. എങ്കിലും, ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുക്കണമെന്ന് ഹമാസ് ഓർമ്മിപ്പിച്ചു. ഇറാനിൽ നിന്ന് സാമ്പത്തികവും സൈനികവുമായ പിന്തുണ കൈപ്പറ്റുന്ന ഹമാസിന്റെ ഈ നീക്കം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
യുദ്ധം അവസാനിപ്പിക്കുന്നത് ഇസ്‌ലാമിക സമൂഹത്തിന്റെയും മേഖലയുടെയും താൽപ്പര്യമാണെന്ന് ഹമാസ് വ്യക്തമാക്കി. സംഘർഷം തടയാനും നയതന്ത്ര ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും വിവിധ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ ഹമാസ് അഭിനന്ദിച്ചു. അതേസമയം, അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള അമേരിക്കൻ-സയണിസ്റ്റ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ഇത് ലോകസമാധാനത്തിന് ഭീഷണിയാണെന്നും ഹമാസ് ആവർത്തിച്ചു.
sxsasa


