ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

ശ്രീലങ്കയിൽ ആറു തവണ പ്രധാനമന്ത്രിയായ റനിൽ വിക്രമസിംഗെയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ ഗോടബയ രാജപക്സ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ശേഷം ഇടക്കാല പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു. വിക്രമസിംഗെയായിരുന്നു ഭരണകക്ഷിയായ എസ്.എൽ.പി.പിയുടെ(ശ്രീലങ്ക പൊതുജന പെരുമുന) സ്ഥാനാർഥി. 225 പാർലമെന്റ് അംഗങ്ങൾ ചേർന്നാണ് രഹസ്യ ബാലറ്റിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിനു മുമ്പായി കഴിഞ്ഞ ദിവസം വിക്രമസിംഗെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധക്കാർ വിക്രമസിംഗെയെ ഗോടബയയുടെ അണിയായാണ് കാണുന്നത്.
ആറുതവണ പ്രധാനമന്ത്രിയായ റനിൽ വിക്രമസിംഗെ അടക്കം മൂന്നുപേരാണ് പ്രസിഡന്റാകാൻ മത്സരിച്ചത്. സ്ഥാനാർഥിത്വത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ പിൻമാറിയിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി ഡള്ളാസ് അലഹപ്പെരുമയെയാണ് പ്രതിപക്ഷം പിന്തുണച്ചത്. ലെഫ്റ്റിസ്റ്റ് പീപ്ൾസ് ലിബറേഷൻ ഫ്രണ്ട് നേതാവ് അനുര ഡിസനായകെയായിരുന്നു മൂന്നാമത്തെ സ്ഥാനാർഥി.