ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് : ഗോതിതോം ഗബ്രേസ്ലാസെയ്ക്ക് ലോക റെക്കോർഡ്

വനിതാ മാരത്തണിൽ എത്യോപ്യയുടെ ഗോതിതോം ഗബ്രേസ്ലാസെയ്ക്ക് ലോക റെക്കോർഡ്. കെനിയയുടെ ജൂഡിത്ത് കോറിറിൻ്റെ കെടുത്ത വെല്ലുവിളി അതിജീവിച്ച് 2 മണിക്കൂർ 18 മിനിട്ട് 11 സെക്കൻഡിൽ താരം ഫിനിഷ് വര കടന്നു. 2005ൽ ബ്രിട്ടണിൻ്റെ പൗള റാഡ്ക്ലിഫ് സ്ഥാപിച്ച 2 മണിക്കൂർ 20 മിനിട്ട് 57 സെക്കൻഡ് സമയത്തിൻ്റെ റെക്കോർഡാണ് ഗബ്രേസ്ലാസെ തകർത്തത്.
അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്. ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ഈ മാസം 22ന് ജാവലിൻ ത്രോ യോഗ്യതാ ഘട്ടത്തിൽ മത്സരിക്കും. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യ ആകെ ഒരേയൊരു മെഡലേ നേടിയുള്ളൂ. മലയാളി ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോർജ് 2003ൽ പാരിസിൽ വച്ച് നേടിയ വെങ്കല മെഡലാണ് ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ വിലാസം.
അതേസമയം, 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ 11ആമത് ഫിനിഷ് ചെയ്തു. 8 മിനിട്ട് 31.75 സെക്കൻഡിലാണ് അവിനാഷ് ഫിനിഷ് ലൈൻ കടന്നത്. 8 മിനിട്ട് 25.13 സെക്കൻഡിൽ ഫിനിഷ് ചെയ്ത മൊറോക്കൻ താരം സൂഫിയാൻ എൽ ബക്കാലി സ്വർണം നേടിയപ്പോൾ എത്യോപ്യയുടെ ലായേച്ച ഗിർമിയ വെള്ളി മെഡൽ നേടി. കെനിയയുടെ കൺസേലസ് കിപ്രുറ്റോയ്ക്കാണ് വെങ്കലം.