ഭരണകൂട വിമർശനം; ജാഫർ പനാഹിയെ ജയിലിൽ അടച്ച് ഇറാൻ

ലോകപ്രശസ്ത സിനിമാ സംവിധായകൻ ജാഫർ പനാഹിയെ ജയിലിലടച്ച് ഇറാൻ. ആറു വർഷം തടവാണ് ഇറാൻ കോടതി വിധിച്ചിരിക്കുന്നത്. സർക്കാരിനെ വിമർശിച്ചെന്ന കുറ്റത്തിനാണ് നടപടി. ഇദ്ദേഹത്തെ ഇവിൻ തടങ്കൽ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഈ മാസം 11 ന് ആണ് പനാഹിയെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ സംവിധായകർ മുഹമ്മദ് റസലോഫിനെയും മുസ്തഫ അഹമ്മദിന്‍റെയും വിവരം അറിയാൻ പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
മെയ് മാസത്തിൽ അബദാൻ നഗരത്തിലെ 10 നില കെട്ടിടം തകർന്ന് 40 ലധികം പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതിന്‍റെ പേരിലാണ് റസലോഫിനെയും മുസ്തഫ അഹമ്മദിനെയും അറസ്റ്റ് ചെയ്തത്.
2010 ൽ ഭരണകൂടത്തിന് എതിരെ പ്രതികരിച്ചതിന് പനാഹിയെ ആറു വർഷം തടവിന് ശിക്ഷിച്ചിരുന്നു. അന്ന് തടവിലാക്കപ്പെട്ട ജാഫറിനെ രണ്ട് മാസമാണ് തടവിൽ പാർപ്പിച്ചത്. പിന്നീട് ഉപാധികളോട് ഇദ്ദേഹത്തെ മോചിപ്പിച്ചിരുന്നു. അന്നത്തെ ശിക്ഷയുടെ ബാക്കി ഇപ്പോൾ അനുഭവിക്കണമെന്നാണ് കോടതി വിധി. ഇത് പ്രകാരമാണ് ജാഫറിനെ വീണ്ടും തടവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് പനാഹിയെ ജയിലിൽ അടച്ചതായി ഇറാൻ ഭരണകൂടത്തിന്‍റെ ഔദ്യോഗിക വക്താവ് അറിയിച്ചു.
2007 ല്‍ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി അധ്യക്ഷനായിരുന്നു ജാഫർ പനാഹി. ഇറാൻ സിനിമയെ ലോകമെങ്ങുമുള്ള വേദികളിൽ എത്തിച്ച ചലച്ചിത്ര പ്രതിഭ കൂടിയാണ് ജാഫർ പനാഹി.