അടിവസ്ത്രം അഴിച്ച് പരിശോധന; അഞ്ച് വനിത ജീവനക്കാർ കസ്റ്റഡിയിൽ

നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആയൂര്‍ മാര്‍ത്തോമ കോളജിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജന്‍സിയിലെ മൂന്നു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.
അഞ്ചു പേരും വനിതാ ജീവനക്കാരാണ്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. കൊല്ലം റൂറല്‍ എസ്പി കെ.ബി.രവിയും കോളജിലെത്തി.
ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിലാണ് പെൺകുട്ടികൾക്ക് ദുരനുഭവമുണ്ടായത്. പരിശീലനം ലഭിക്കാത്തവരാണ് പരീക്ഷയ്ക്ക് നേതൃത്വം നൽകിയതെന്ന് പോലീസ് കണ്ടെത്തി. പരിശോധന നടത്തിയവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
പരീക്ഷാ സൂപ്രണ്ട്, കോ-ഓർഡിനേറ്റർ എന്നിവരിൽനിന്ന് വിശദീകരണം തേടിയിരുന്നു. പരീക്ഷാ കേന്ദ്രത്തിൽ നിന്ന് മോശം അനുഭവമുണ്ടായെന്നും ഷാൾ മാ റ്റേണ്ടി വന്നതിനാൽ മുടി മുന്നിലേക്കിട്ടാണ് പരീക്ഷഎഴുതിയതെന്നും സംഭവം മാനസികമായി തളർത്തിയയെന്നും പെൺകുട്ടി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
പെൺകുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. എട്ടുപേരാണ് പരീക്ഷാ സംഘത്തിലുണ്ടായിരുന്നത്. ശരീരത്തിൽ ലോഹ വസ്തുക്കൾ പാടില്ലെന്ന് പറഞ്ഞാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് പെൺകുട്ടി പറയുന്നത്.
മറ്റ് പെൺകുട്ടികളുടെ അടിവസ്ത്രങ്ങളും അഴുപ്പിച്ചത് കൂട്ടിവച്ചിരിക്കുന്നത് കണ്ടതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച തന്നെ ചട യമംഗലം പോലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിരേഖപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിലെത്തിച്ച് പരീക്ഷയ്ക്ക് നേതൃത്വം നൽകിയവരുടെ തിരിച്ചറിയൽ പരേഡ് നടത്താനാണ് പോലീസ് തീരുമാനം.
അതേസമയം കൂടുതൽ പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.