ഉക്രൈനിലെ എല്ലാ ജനങ്ങൾ‍ക്കും റഷ്യൻ പൗരത്വം; ഉത്തരവിൽ‍ ഒപ്പുവെച്ച് പുടിൻ


ഉക്രൈനികൾ‍ക്ക് റഷ്യൻ പൗരത്വം നൽ‍കുന്നതിനുള്ള ഉത്തരവിൽ‍ ഒപ്പുവെച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ‍ പുടിൻ. എല്ലാ ഉക്രൈൻ പൗരന്മാർ‍ക്കും പൗരത്വം നൽ‍കുന്നതിനുള്ള റഷ്യൻ നാചുറലൈസേഷൻ പ്രോസസിൽ‍ തിങ്കളാഴ്ചയാണ് പുടിൻ ഒപ്പുവെച്ചത്. ഉത്തരവിന്റെ രേഖ റഷ്യൻ സർ‍ക്കാരിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതിയ ഉത്തരവ് പ്രകാരം റഷ്യൻ പൗരത്വം നേടാൻ ആഗ്രഹിക്കുന്ന ഉക്രൈനിലെ ജനങ്ങൾ‍ക്ക് ഇനി മുതൽ‍ നടപടികൾ‍ കൂടുതൽ‍ വേഗത്തിലും എളുപ്പത്തിലും പൂർ‍ത്തായാക്കാൻ സാധിക്കും. ഉക്രൈന് മേൽ‍ റഷ്യയുടെ സ്വാധീനം വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് നീക്കം. 

നേരത്തെ, കിഴക്കൻ ഉക്രൈനിലെ ഡോണെട്‌സ്‌ക്, ലുഹാൻസ്‌ക് എന്നീ സ്വയംഭരണ പ്രദേശങ്ങളിലെയും റഷ്യൻ അധിനിവേശ പ്രവിശ്യകളായ ഖെർ‍സൺ, സപോറിസ്സ്ഹ്യ എന്നിവിടങ്ങളിലെയും ജനങ്ങൾ‍ക്ക് മാത്രമായിരുന്നു വേഗമേറിയതും എളുപ്പവുമായ നടപടികളിലൂടെ റഷ്യൻ പൗരത്വം നൽ‍കിയിരുന്നത്. 2019ലായിരുന്നു ഇത് ആരംഭിച്ചത്. 2019നും 2022നുമിടയിൽ‍ ഡോണെട്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രവിശ്യകളിലായുള്ള 7,20,000 പേർ‍ക്കാണ് ഇത്തരത്തിൽ‍ റഷ്യന്‍ പൗരത്വം നൽ‍കിയത്. അവിടത്തെ ആകെ ജനസംഖ്യയുടെ 18 ശതമാനത്തോളമാണിത്. ഇവർ‍ക്ക് റഷ്യൻ പാസ്‌പോർ‍ട്ടുകളും നൽ‍കിയിട്ടുണ്ട്. ഡോണെട്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രദേശങ്ങൾ‍ ചേർ‍ന്നാണ് ഉക്രൈനിലെ കിഴക്കൻ ഇൻഡസ്ട്രിയൽ‍ നഗരമായ ഡോൺബാസ് രൂപപ്പെടുന്നത്.

എല്ലാ ഉക്രൈൻ പൗരന്മാർ‍ക്കും റഷ്യൻ പൗരത്വം നൽ‍കുന്നതുമായി ബന്ധപ്പെട്ട പുതിയ തീരുമാനം സംബന്ധിച്ച പ്രഖ്യാപനം നേരത്തെ തന്നെ റഷ്യ നടത്തിയിരുന്നു. റഷ്യ ഉക്രൈനിൽ‍ ആക്രമണമാരംഭിച്ച് നാല് മാസം പിന്നിട്ടിരിക്കുന്ന ഘട്ടത്തിലാണ് റഷ്യൻ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രഖ്യാപനം വന്നിരിക്കുന്നത്.

You might also like

Most Viewed