രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർ‍മുവിന് ഉദ്ധവ് താക്കറെ പിന്തുണ നൽകുമെന്ന് റിപ്പോർട്ട്


രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ എൻഡിഎ സ്ഥാനാർ‍ത്ഥി ദ്രൗപതി മുർ‍മുവിനെ പിന്തുണക്കുമെന്ന് റിപ്പോർ‍ട്ട്. തിങ്കളാഴ്ച്ച ഉദ്ധവ് താക്കറെയുടെ സ്വവസതിയായ മാതോശ്രീയിൽ‍ നടന്ന യോഗത്തിൽ‍ ഭൂരിപക്ഷം എംപിമാരും ദ്രൗപതി മുർ‍മുവിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഔദ്യോദികമായ അറിയിപ്പ് ഉടൻ‍തന്നെയുണ്ടാകുമെന്നും റിപ്പോർ‍ട്ടുകൾ‍ പറയുന്നു. രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന യോഗത്തിൽ‍, പന്ത്രണ്ടോളം എംപിമാർ‍ സ്ത്രീയും ന്യൂനപക്ഷ പ്രതിനിധിയുമായ ബിജെപി സ്ഥാനാർ‍ത്ഥിക്ക് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. ദ്രൗപതി മുർ‍മുവിനുള്ള ശിവസേനയുടെ പിന്തുണ ബിജെപിയുമായുള്ള ഭാവി സഖ്യത്തിന് വഴിയൊരുക്കുമെന്നും ഏതാനും എംപിമാർ‍ അഭിപ്രായപ്പെട്ടതായി സേനാ വൃത്തങ്ങൾ‍ പറഞ്ഞു. ഏകനാഥ് ഷിൻഡേയുടെ വിമത സഖ്യത്തിലേക്ക് ചേരുന്നതിനുമുന്‍പ് ഉദ്ധവിന്റെ വിശ്വസ്തരായിരുന്ന എംഎൽ‍എമാരും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. 

മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർ‍ട്ടി (ടിഡിപി) എൻഡിഎ രാഷ്ട്രപതി സ്ഥാനാർ‍ത്ഥി ദ്രൗപതി മുർ‍മുവിന്റെ സ്ഥാനാർ‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതി സ്ഥാനാർ‍ത്ഥി ഗോത്രവർ‍ഗ വിഭാഗത്തിൽ‍ നിന്നുള്ള ഒരു വനിതയായതിനാൽ‍ മുർ‍മുവിന് പിന്തുണ നൽ‍കാനാണ് തീരുമാനമെന്ന് പാർ‍ട്ടി വൃത്തങ്ങൾ‍ അറിയിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയും ഭരണകക്ഷിയായ വൈഎസ്ആർ‍സിപിയുടെ പിന്തുണ മുർ‍മുവിന് പ്രഖ്യാപിച്ചിരുന്നു.

You might also like

Most Viewed