യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണം

ജർമനിയിൽ ജി-7 ഉച്ചകോടി തുടങ്ങുന്നതിനു മണിക്കൂറുകൾക്കു മുന്പായി യുക്രെയ്നിലുടനീളം റഷ്യ മിസൈൽ ആക്രമണം നടത്തി. വിവിധതരത്തിലുള്ള അന്പതിലധികം മിസൈലുകളാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു. തലസ്ഥാനമായ കീവിൽ 14 മിസൈലുകൾ പതിച്ചു.
ഇതിനിടെ റഷ്യൻ പട്ടാളം ആഴ്ചകൾ നീണ്ട പോരാട്ടത്തിനൊടുവിൽ കിഴക്കൻ ഡോൺബാസിലെ തന്ത്രപ്രധാന നഗരമായ സെവ്റോഡോണറ്റ്സ്കും പിടിച്ചെടുത്തു.മൂന്നാഴ്ചയ്ക്കുശേഷമാണു റഷ്യ യുക്രെയ്ൻ തലസ്ഥാനം ആക്രമിക്കുന്നത്. കീവിൽ പാർപ്പിടസമുച്ചയം തകർന്ന് ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്കു പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, യുക്രെയ്ന്‍റെ വടക്കും പടിഞ്ഞാറുമുള്ള പട്ടാള പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നു റഷ്യ അറിയിച്ചു.ജി-7 ഉച്ചകോടിക്കു മുന്പായി യുക്രെയ്ൻ ജനതയെ ഭയപ്പെടുത്താനുള്ള ശ്രമത്തിലാണു റഷ്യയെന്ന് കീവ് മേയർ വിറ്റാലി ക്ലിഷ്കോ പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി വീഡിയോ ലിങ്കിലൂടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നുണ്ട്. ഡോൺബാസിന്‍റെ ഭാഗമായ ലുഹാൻസ് പ്രവിശ്യയിലെ പ്രധാന നഗരമായ സെവ്റോഡോണറ്റ്സ്ക് റഷ്യയുടെ നിയന്ത്രണത്തിലായതു യുക്രെയ്ൻ സേനയ്ക്കു വലിയ തിരിച്ചടിയായി. നഗരത്തെ പ്രതിരോധിച്ചിരുന്ന സൈനികരോടു പിന്മാറാൻ കഴിഞ്ഞദിവസം യുക്രെയ്ൻ നിർദേശിച്ചിരുന്നു.