റഷ്യൻ കേന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം നടത്തി യുക്രൈൻ

ഒരു മാസത്തിലേറെ നീണ്ട റഷ്യൻ അധിനിവേശത്തിനിടെ ഇതാദ്യമായി റഷ്യൻ കേന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം നടത്തി യുക്രൈൻ. റഷ്യൻ അതിർത്തി നഗരമായ ബെൽഗൊറോദിലെ ഇന്ധന ഡിപ്പോക്കു നേരെയാണ് ഇന്ന് രാവിലെ യുക്രൈന്റെ രണ്ട് സൈനിക ഹെലികോപ്ടറുകൾ ആക്രമണം നടത്തിയത്. കോപ്ടറുകളിൽ നിന്ന് നിരവധി മിസൈലുകൾ തൊടുത്തതായും സ്‌ഫോടനത്തിൽ ഡിപ്പോയുടെ ഭാഗങ്ങൾ തകർന്നതായും റഷ്യ ആരോപിച്ചു. ഡിപ്പോയിലെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
യുക്രെയ്‌നുമായുള്ള റഷ്യൻ അതിർത്തിയിൽ നിന്ന് 40 കിലോമീറ്ററും യുക്രൈൻ നഗരമായ ഖാർകിവിൽ നിന്ന് 80 കിലോമീറ്ററും അകലെയാണ് ബെൽഗൊറോദ് നഗരം. താഴ്ന്നുപറന്നാണ് യുക്രൈൻ കോപ്ടറുകൾ അതിർത്തി കടന്നെത്തിയതെന്നും ആക്രമണത്തെ തുടർന്നുള്ള അഗ്നിബാധയിലാണ് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതെന്നും മേഖലാ ഗവർണർ വ്യാചസ്ലാവ് ഗ്ലാദ്‌കോവ് പറഞ്ഞു. ബെൽഗൊറോദിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധന ഡിപ്പോയുടെ ഉടമസ്ഥരായ റഷ്യൻ എണ്ണക്കമ്പനി റോസ്‌നെഫ്റ്റ് അഗ്നിബാധയുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ, യുക്രൈന്റെ ആക്രമണമാണോ ഇതിനു പിന്നിലെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച ബെൽഗൊറോദിലെ ഒരു വെടിമരുന്ന് ഡിപ്പോയ്ക്ക് തീപിടിക്കുകയും സ്‌ഫോടനപരമ്പര ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ കാരണം സംബന്ധിച്ച് റഷ്യൻ പ്രതിരോധവിഭാഗം വിശദീകരണം നൽകുന്നത് കാത്തിരിക്കുകയാണെന്ന് ഗവർണർ ഗ്ലാദ്‌കോവ് പറഞ്ഞു.