നടി റിമി സെന്നിന്റെ 4.14 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി; വ്യവസായിക്കെതിരെ കേസ്

ബോളിവുഡ് താരം റിമി സെന്നിന്റെ 4.14 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ വ്യവസായിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. റൗണക് ജതിൻ വ്യാസ് എന്ന വ്യവസായിയ്‌ക്കെതിരെയാണ് പരാതി. ബിസിനസിൽ പാർട്ണറാക്കാമെന്ന് പറഞ്ഞാണ് വ്യാസ് തന്നെ വഞ്ചിച്ചതെന്നാണ് പരാതി. മൂന്ന് വർഷങ്ങൾക്ക് മുമ്പ് അന്തേരിയിലെ ഒരു ജിംനേഷ്യത്തിൽ വച്ചാണ് വ്യാസിനെ പരിചയപ്പെട്ടത്. തന്റെ പുതിയ സംരഭങ്ങളിൽ നിക്ഷേപിച്ചാൽ മികച്ച ലാഭ വിഹിതം തരാമെന്ന് തന്നോട് പറഞ്ഞു.
നിക്ഷേപം നടത്തിയതിന് ശേഷമാണ് തനിക്ക് മനസ്സിലായത് താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന്. വ്യാസ് പുതിയ ഒരു കമ്പനി പോലും ആരംഭിച്ചിട്ടില്ലെന്നും പൊലീസിനോട് റിമി പറഞ്ഞു. പ്രമുഖ നൃത്തസംവിധായകൻ ഗണേഷ് ആചാര്യക്കെതിരെ പീഡനപരാതി ഐപിസി 420, 409 വകുപ്പുകൾ പ്രകാരമാണ് വ്യാസിനെതിരെ കേസെടുത്തിരിക്കുന്നത്. വ്യാസിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. നിരവധി ഹിന്ദി, തെലുങ്ക്, ബംഗാളി സിനിമകളിൽ റിമി അഭിനയിച്ചിട്ടുണ്ട്. ധൂം, ഗരം മസാല, ഫിർ ഹേര ഫേരി, ഗോൽമാൽ, ഹംഗാമ എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. 2015ലെ ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായിരുന്നു.