യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തുമെന്ന ഭീഷണിയുമായി റഷ്യ

ഉക്രൈൻ സംഘർഷത്തിൽ പക്ഷം പിടിച്ച് യൂറോപ്പിന് കനത്ത തിരിച്ചടി. യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തുമെന്ന് റഷ്യൻ ഭരണകൂടം ഭീഷണി മുഴക്കി.
കാലാകാലങ്ങളായി യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണത്തിന്റെ സിംഹഭാഗവും റഷ്യയാണ് നൽകുന്നത്. യൂറോ, യു.എസ് ഡോളർ എന്നീ കറൻസികളിലായിരുന്നു ഇതുവരെ റഷ്യ പ്രതിഫലം ഈടാക്കിയിരുന്നത്. എന്നാൽ, ഇനിമുതൽ ഗ്യാസ് വേണ്ടവർ റഷ്യൻ കറൻസിയായ റൂബിളിൽ തന്നെ പ്രതിഫലം നൽകണം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, വ്യാഴാഴ്ച ഒപ്പിട്ട ഉത്തരവ് പ്രകാരമാണ് റഷ്യയുടെ ഈ നിർണായക നീക്കം. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ റഷ്യൻ കറൻസിയുടെ വില കുതിച്ചുയരും. പണം തന്നു തീർത്തില്ലെങ്കിലോ, റൂബിളിൽ അടയ്ക്കാൻ തയ്യാറായില്ലെങ്കിലോ ശനിയാഴ്ചയോടു കൂടി ഗ്യാസ് വിതരണം നിർത്തിവെക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് റഷ്യ. നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചെങ്കിലും, തീരുമാനത്തിൽ ഒരടി പോലും പിന്നോട്ട് പോകാൻ റഷ്യൻ ഭരണകൂടം തയ്യാറായിട്ടില്ല.