കർ‍ദിനാളിനെതിരായ ഭൂമി ഇടപാട് കേസ്: അന്വേഷണം സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി


എറണാകുളം−അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസിൽ‍ സിറോ മലബാർ‍ സഭ മേജർ‍ ആർ‍ച്ച് ബിഷപ് കർ‍ദിനാൾ‍ മാർ‍ ജോർ‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയിൽ‍ തിരിച്ചടി. കേസുകളിലെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർ‍ദിനാൾ‍ നൽ‍കിയ ഹർ‍ജി സുപ്രീം കോടതി അംഗീകരിച്ചില്ല. കേസ് സ്‌റ്റേ ചെയ്യാനാവില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

കർ‍ദിനാളിനു വേണ്ടി മുതിർ‍ന്ന അഭിഭാഷകൻ സിദ്ധാർ‍ത്ഥ് ലുത്തറയാണ് ഹാജരായത്. 74 വയസ്സായ സഭാ തലവനാണെന്നും അന്വേഷണത്തിന്റെ പേരിൽ‍ അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യം വരെ ലംഘിക്കപ്പെടുകയാണെന്നും അഭിഭാഷകൻ വാദിച്ചു. അന്വേഷണം തുടർ‍ന്നാൽ‍ കർ‍ദിനാൾ‍ അറസ്റ്റു ചെയ്യപ്പെടുന്ന സാഹചര്യം വരെ ഉണ്ടാകുമെന്നും അതിനാൽ‍ ഇടക്കാല സ്‌റ്റേ അനുവദിക്കണമെന്നും വാദിച്ചു. 

എന്നാൽ‍ ഹൈക്കോടതി ഉത്തരവ് പറഞ്ഞിട്ട് മാസങ്ങൾ‍ കഴിഞ്ഞ കേസിൽ‍ ഇപ്പോൾ‍ ഈ ഹർ‍ജിയുമായി വന്നത് എന്തിനാണെന്നായിരുന്നു സുപ്രീം കോടതി ജഡ്ജി ദിനേശ് മഹേശ്വറിന്റെ മറുചോദ്യം. ഹർ‍ജിയിൽ‍ വാദം കേൾ‍ക്കാൻ തയ്യാറാണ്. എന്നാൽ‍ അന്വേഷണത്തിന് തടസ്സം നിൽ‍ക്കില്ല. അന്വേഷണം മുന്നോട്ട് പോകട്ടെ. ഹർ‍ജിയിൽ‍ സംസ്ഥാന സർ‍ക്കാരിന് നോട്ടീസ് അയക്കും. സർ‍ക്കാർ‍ രണ്ടാഴ്ചയ്ക്കുള്ളിൽ‍ മറുപടി നൽ‍കണമെന്നും കോടതി വ്യക്തമാക്കി.

ഇടപാട് നടത്തിയ ഭൂമിയിൽ‍ സർ‍ക്കാർ‍ പുറമ്പോക്ക് ഉണ്ടോയെന്നും റവന്യു വകുപ്പ് പരിശോധിക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധിയിൽ‍ പറഞ്ഞിരുന്നത്. എന്നാൽ‍ ഈ പരിശോധന തടയണമെന്നും സംശയത്തിന്റെ പേരിൽ‍ സഭയുടെ സ്വത്തുക്കളിൽ‍ അന്വേഷണം നടത്താന്‍ സർ‍ക്കാരിനു കഴിയില്ലെന്നുമായിരുന്നു കർ‍ദിനാളിന്റെ നിലപാട്.

ഇതോടൊപ്പംതന്നെ, കാക്കനാട് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്ന കേസുകൾ‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.

സഭാ സ്വത്ത് വിൽ‍പ്പനയിൽ‍ ബിഷപ്പിനുള്ള അധികാരം നിയന്ത്രിച്ച് ഹൈക്കോടതി നടത്തിയ പരാമർ‍ശത്തിനെതിരെ ബത്തേരി, താമരശേരി രൂപതകൾ‍ നൽ‍കിയ അപ്പീൽ‍ സുപ്രീം കോടതിയൂടെ പരിഗണനയിലുണ്ട്. ആലഞ്ചേരിയുടെ ഹർ‍ജിയിൽ‍ സർ‍ക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം ഇതോടൊപ്പം പരിഗണിച്ചേക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed