ഒമിക്രോൺ‍; വിദേശികൾക്ക് സന്പൂർണ വിലക്കേർ‍പ്പെടുത്തി ഇസ്രയേൽ


ജറുസലേം: കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിദേശികൾക്ക് സന്പൂർണ വിലക്കേർപ്പെടുത്തി ഇസ്രയേൽ. കൊറോണ കാബിനറ്റാണ് തീരുമാനം പ്രഖ്യാപിച്ചത്. വിദേശത്തു നിന്ന് തിരിച്ചെത്തുന്ന വാക്‌സിനെടുത്ത ഇസ്രയേൽ പൗരന്മാർക്ക് മൂന്നു ദിവസത്തെ ക്വാറന്റൈനും നിർബന്ധമാക്കി. 72 മണിക്കൂറിന് ശേഷം ഇവർ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണം.

നിലവിൽ മലാവിയിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കു മാത്രമാണ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തുള്ള ഏഴു പേരെ ഇസ്രായേൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ നാലു പേർ വിദേശത്തു നിന്നെത്തിയവരാണ്. കൊവിഡ് രോഗികളുടെ നിരീക്ഷണ ചുമതല സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

അതിനിടെ, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം മിക്ക ലോകരാജ്യങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. രാജ്യങ്ങൾ യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിത്തുടങ്ങി. ആഗോള ആശങ്കകൾ മുൻനിർത്തി ഇന്ത്യ കരുതൽ നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരുടെ നിരീക്ഷണ, പരിശോധനാ നടപടികൾ ശക്തമാക്കും.

ഇസ്രയേലിനും ദക്ഷിണാഫ്രിക്കയ്ക്കും പുറമേ, ബോട്‌സ്വാന, ഹോങ്കോങ്, ബൽജിയം, ജർമനി, ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed