തനിക്ക് അധികാരം വേണ്ടെന്നും ജനങ്ങളെ സേവിക്കാനാണ് അഗ്രഹമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: തനിക്ക് അധികാരം വേണ്ടെന്നും ജനങ്ങളെ സേവിക്കാനാണ് അഗ്രഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. പരിപാടിക്കിടെ കേന്ദ്രപദ്ധതിയായ ആയുഷ്‌മാൻ ഭാരത് യോജനയുടെ ഗുണഭോക്താവിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന മുന്നേറ്റത്തിൽ ഇന്ത്യ നിർണായക വഴിത്തിരിവിലാണെന്നും മോദി പറഞ്ഞു. യുവാക്കൾ തൊഴിലന്വേഷകർ മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരും കൂടിയാണ്. ഇന്ത്യയിൽ 70ലധികം യൂണികോണുകൾ ഉണ്ട്. യുവജനങ്ങൾക്ക് ആശയങ്ങൾ, നൂതനത്വം, റിസ്ക് ഏറ്റെടുക്കാനുള്ള കഴിവുണ്ടെന്നും മോദി പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ജീവിതശൈലി ജനങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.