ഇസ്രയേലിനു പിന്തുണയുമായി അമേരിക്ക

വാഷിംഗ്ടൺ ഡിസി: ഇസ്രയേലിനു പിന്തുണയുമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ ടെലിഫോണിൽ സംസാരിക്കുകയും ചെയ്തു. പൗരന്മാർക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡൻ പറഞ്ഞു. ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി സമാധാന ദൂതനായി ബൈഡൻ നിയമിക്കുകയും ചെയ്തു. അതേസമയം ഗാസയിലെ ഹമാസും ഇസ്രേലി സൈന്യവും തമ്മിലുള്ള സംഘർഷം പൂർണതോതിലുള്ള യുദ്ധമായി പരിണമിച്ചേക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. രണ്ടുദിവസത്തിനിടെ ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്കു തൊടുത്തത്. ഇസ്രേലി സൈന്യം ഗാസയിൽ നൂറുകണക്കിനു വ്യോമാക്രമണങ്ങൾ നടത്തി.
ഗാസയിൽ 13 കുട്ടികളടക്കം 53 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷ് അടക്കം ആറു പേരാണ് ഇസ്രയേലിൽ മരിച്ചത്. അൽ അഖ്സ മോസ്ക് വളപ്പിൽ ഇസ്രയേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പലസ്തീനികളും ഇസ്രേലി പോലീസും തമ്മിൽ ദിവസങ്ങൾ നീണ്ട കൈയാങ്കളിയാണ് സൈനിക ഏറ്റുമുട്ടലായി മാറിയിരിക്കുന്നത്. 2014നു ശേഷമുള്ള ഏറ്റവും വലിയ ഇസ്രേലി− പലസ്തീൻ സംഘർഷമായി ഇതു മാറിയിരിക്കുകയാണ്.