ബ്രസീൽ പ്രസിഡന്റിന്റെ ഭാര്യക്കും കോവിഡ്

സംപൗളോ: ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയുടെ ഭാര്യക്കും കോവിഡ്. ബ്രസീൽ പ്രഥമ വനിത മിഷേൽ ബോൾസോനാരോയ്ക്കാണ് (38) കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ബോൾസോനാരോയ്ക്കു കോവിഡ് ബാധിച്ചിരുന്നു. ബോൾസോനാരോയ്ക്കൊപ്പം ക്വാറന്‍റൈനിലായിരുന്ന മിഷേലിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിക്കുന്നതിന് 24 മണിക്കൂർ മുൻപ് മിഷേൽ ഭർത്താവിനൊപ്പം ബ്രസീലിയയിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുത്തിരുന്നു. മാസ്ക് ധരിച്ചാണ് മിഷേലും പ്രസിഡന്‍റും പരിപാടിയിൽ പങ്കെടുത്തത്. ജൂലൈ ഏഴിന് കോവിഡ് സ്ഥിരീകരിച്ച പ്രസിഡന്‍റിന് കഴിഞ്ഞ ശനിയാഴ്ചയാണ് രോഗമുക്തിയുണ്ടായത്. ഇതിനു ശേഷം ബുധനാഴ്ചയാണ് മിഷേലിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തത്.
ബോൾസോനാരോ മന്ത്രി സഭയിലെ അഞ്ച് പേർക്ക് കോവിഡ് പിടിപെട്ടിരുന്നു. ഐടി മന്ത്രി മാർക്കോസ് പോണ്ടസിനാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മന്ത്രി ക്വാറന്‍റൈനിൽ പ്രവേശിച്ചു.