ഇറാനിയൻ ഭീകരാക്രമണം: ബഹ്‌റൈനിൽ സന്നദ്ധസേവനത്തിന് 60,000 പേർ; ഫീൽഡ് പ്രവർത്തനങ്ങൾ ആരംഭിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന് നേരെയുണ്ടായ ഇറാനിയൻ ഭീകരാക്രമണങ്ങളെ നേരിടാനും ദേശീയ സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കുചേരാനും ലക്ഷ്യമിട്ടുള്ള “ബഹ്‌റൈൻ ഈസ് ഫൈൻ... ആസ് ലോംഗ് ആസ് യു ആർ ഇറ്റ്‌സ് പീപ്പിൾ” പ്രചാരണത്തിന്റെ ഭാഗമായി സന്നദ്ധപ്രവർത്തകർ സേവനം ആരംഭിച്ചു. നാഷണൽ വോളന്റിയർ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്ത 60,000-ലധികം വോളന്റിയർമാരിൽ ഒരു വിഭാഗം വിവിധ സ്ഥലങ്ങളിൽ ഫീൽഡ് ഡ്യൂട്ടിയിൽ പ്രവേശിച്ചു. രാജ്യത്തെ സേവിക്കാനുള്ള സന്നദ്ധത അറിയിച്ചവരിൽ നിന്ന് അപേക്ഷകൾ തരംതിരിച്ചും അവരുടെ വൈദഗ്ധ്യം പരിശോധിച്ചുമാണ് നിയോഗിക്കുന്നത്. നിലവിൽ സിത്ര മേഖലയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ, നാശനഷ്ടങ്ങൾ പരിഹരിക്കൽ, അഭയകേന്ദ്രങ്ങളുടെ മാനേജ്‌മെന്റ്, പ്രായമായവർക്കുള്ള സഹായം എത്തിക്കൽ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആരോഗ്യം, എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്സ്, അഡ്മിനിസ്ട്രേഷൻ, നിരീക്ഷണം തുടങ്ങിയ മേഖലകളിലായാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ബാക്കിയുള്ള സന്നദ്ധപ്രവർത്തകരെ വിവിധ വകുപ്പുകളുടെ ആവശ്യാനുസരണം വരും ഘട്ടങ്ങളിൽ വിന്യസിക്കും. രാജ്യത്തോടുള്ള പ്രതിബദ്ധതയും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിപ്പിടിച്ച് മുന്നോട്ടുവന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും അധികൃതർ പ്രശംസിച്ചു. വെല്ലുവിളികൾക്കിടയിലും ബഹ്‌റൈനി സമൂഹത്തിന്റെ ഐക്യവും സഹകരണവുമാണ് ഈ ജനപങ്കാളിത്തം വ്യക്തമാക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
desfsd


