മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലിൽ ക്രൂര പീഡനമെന്ന് സഹോദരി, പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ
ഷീബ വിജയ൯
റാവൽപിണ്ടി: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലിൽ ക്രൂര പീഡനമെന്ന് സഹോദരി അലീമ ഖാൻ ആരോപിച്ചു. ജയിലധികൃതരുടെ ഭാഗത്തുനിന്ന് പകപോക്കൽ മനോഭാവവും അവഗണനയും ചൂണ്ടി കുടുംബാംഗങ്ങളും അനുയായികളും ജയിലിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അലീമ. കഴിഞ്ഞ എട്ടുമാസമായി ജയിലിൽ പതിവായി എത്തി ശ്രമിച്ചിട്ടും ഇമ്രാൻ ഖാനെ കാണാൻ അനുവദിക്കുന്നില്ലെന്നും അവർ ആരോപിച്ചു. നിയമവിരുദ്ധമായി അദ്ദേഹത്തെ ഏകാന്തതടവിലാക്കിയിരിക്കുകയാണെന്നും അവർ പറഞ്ഞു. ഇമ്രാൻ ഖാന്റെ ചികിത്സയും സന്ദർശക നിയന്ത്രണവും സംബന്ധിച്ച് കുടുംബം നേരത്തെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ചൊവ്വാഴ്ച ജയിലിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കുടുംബാംഗങ്ങൾക്കൊപ്പം നിരവധി പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പി.ടി.ഐ.) പ്രവർത്തകരും ചേർന്നു. ഇതിന് പിന്നാലെ, ജയിലിന് സുരക്ഷ വർധിപ്പിച്ചു. ഡിസംബർ രണ്ടിന് സഹോദരിയായ ഉസ്മ ഖാനുമിന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്താൻ അധികൃതർ അനുമതി നൽകിയിരുന്നു. 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ അദ്ദേഹം മാനസികമായി കടുത്ത സമ്മർദ്ദത്തിലാണെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് ഉസ്മ പറഞ്ഞു. അതേസമയം, ആരോപണങ്ങളെ പാക് സൈന്യം തള്ളി. ഇമ്രാൻ ഖാന് മാനസീകമായി പ്രശ്നങ്ങളുണ്ടെന്നും സൈന്യം ആരോപിച്ചു. ജയിൽ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഉസ്മ ഖാനുമിന് ഭാവി സന്ദർശനത്തിൽ അധികൃതർ വിലക്കേർപ്പെടുത്തി.
ASSADSAS
