രാഹുലിനെതിരായ രണ്ടാമത്തെ പരാതി 'പാർട്ടിക്കുള്ള കെണി'; സണ്ണി ജോസഫ്
ഷീബ വിജയ൯
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.ക്കെതിരായ രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. 23കാരിയുടെ പരാതിയിലൂടെ തന്നെയും പാർട്ടിയെയും കുടുക്കാൻ നോക്കിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ, നിയമ വശങ്ങൾ പരിശോധിച്ച് തന്ത്രപൂർവമാണ് ആ പരാതി തയ്യാറാക്കിയത്. മാധ്യമങ്ങൾക്ക് നൽകിയതിന് ശേഷമാണ് തനിക്ക് പരാതി അയച്ചത്. പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ച് വേഗത്തിൽ പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നുവെന്നും സണ്ണി ജോസഫ് മീഡിയവണിനോട് പറഞ്ഞു. ഷാഫി പറമ്പിലിനെ തകർക്കാൻ സി.പി.എം. ഗൂഢാലോചന നടത്തുകയാണ്. പാർട്ടി പൂർണമായും ഷാഫിയെ പിന്തുണക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, ബലാത്സംഗ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധി പറയും. രാഹുലിന് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ക്രൂര ബലാത്സംഗത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയടക്കമുള്ള പോലീസിന്റെ റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നായിരുന്നു രാഹുലിന്റെ വാദം. ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെ കസ്റ്റഡിയിൽ എടുക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.
ASASASW
