രവീണാ ടണ്ടൻ തിരിച്ചെത്തുന്നു

മുംബൈ: സൂപ്പർഹിറ്റായ കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് 2 വിലൂടെ വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ബോളിവുഡിന്റെ സ്വപ്നറാണിയായിരുന്ന രവീണാ ടണ്ടൻ. രാമിക സെൻ എന്ന കഥാപാത്രത്തെയാണ് കെ.ജി.എഫ് 2ൽ രവീണ അവതരിപ്പിക്കുന്നത്. യഷ് നായകനാകുന്ന ഈ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ഇപ്പോൾ നടന്നുവരികയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് കെ.ജി.എഫ് 2ലെ പ്രതിനായകൻ.
മജ്‌ബൂർ, ഖേൽ ഖേൽ മേം, ജവാബ്, നസ്‌രാന തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളൊരുക്കിയ സംവിധായകനും നിർമ്മാതാവുമായ രവി ടണ്ടന്റെ മകളായ രവീണ 1991-ൽ സൽമാൻ ഖാന്റെ നായികയായി പത്തർ കേ ഫൂൽ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറിയത്. മികച്ച പുതുമുഖ നായികയ്ക്കുള്ള ഫിലിം ഫെയർ ചിത്രത്തിലൂടെ നേടിയ രവീണ പിന്നീട് ദിൽവാലേ, മോഹ്‌റ, ലാഡ്ല, ഖിലാഡിയോം കാ ഖിലാഡ, ഗുലാം ഇ മുസ്തഫൽ, ശൂൽ തുടങ്ങിയ നിരവധി ഹിറ്റുകളുടെ ഭാഗമായി. ചലച്ചിത്ര വിതരണക്കാരനായ അനിൽ തഡാനിയെ സ്റ്റംപ്‌ഡ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് പരിചയപ്പെട്ട രവീണ പിന്നീട് അദ്ദേഹത്തെ വിവാഹം കഴിച്ചു. രക്ഷ, രൺബീർ വർദ്ധൻ എന്നിവർ മക്കളാണ്.