തൃഷയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി പാർത്ഥിപൻ; വിവാദങ്ങൾക്ക് മറുപടിയുമായി വിജയ്


ഷീബ വിജയൻ

തമിഴ് സിനിമാ ലോകത്ത് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത് നടനും സംവിധായകനുമായ ആർ. പാർത്ഥിപൻ, വിജയ്, തൃഷ എന്നിവരെ സംബന്ധിച്ച വാർത്തകളാണ്. ചെന്നൈയിൽ നടന്ന ഒരു വിവാഹ റിസപ്ഷനിൽ വിജയും തൃഷയും ഒരുമിച്ച് പങ്കെടുത്തതിന് പിന്നാലെയാണ് സിനിമാ മേഖലയിൽ വിവാദങ്ങൾ പുകയുന്നത്.

ഗലാട്ട അവാർഡ്‌സ് ചടങ്ങിൽ വെച്ച് 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലെ സഹതാരമായ തൃഷയെക്കുറിച്ച് ചോദിച്ചപ്പോൾ, പാർത്ഥിപൻ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ഈ കുന്ദവൈയെ കുറച്ചു ദിവസത്തേക്ക് വീട്ടിൽ തന്നെ ഇരുത്തണം, അതാണ് നല്ലത്. അവളെ പുറത്തിറങ്ങാൻ അനുവദിക്കരുത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഈ വാക്കുകൾ തൃഷയോടുള്ള കരുതലാണോ അതോ അവരുടെ വ്യക്തിജീവിതത്തിന് നേരെയുള്ള പരിഹാസമാണോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്.

പ്രമുഖ സംരംഭകനും നിർമാതാവുമായ കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിലാണ് വിജയും തൃഷയും ഒരുമിച്ച് പങ്കെടുത്തത്. വിജയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് തൊട്ടുപിന്നാലെ നടന്ന ഈ സംഭവം സിനിമാ ലോകത്ത് വലിയ ചർച്ചയായി. വിജയുടെ വ്യക്തിജീവിതത്തിലെ മാറ്റങ്ങൾക്ക് കാരണം തൃഷയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് ഇരുവരും കടുത്ത സൈബർ ആക്രമണങ്ങൾക്ക് ഇരയാകാൻ കാരണമായിട്ടുണ്ട്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും വിവാഹ ചടങ്ങിന് എത്തിയതെന്നതും ചർച്ചകളുടെ ആക്കം കൂട്ടി.

വിവാഹമോചന വാർത്തകൾക്ക് പിന്നാലെ വിജയുടെ മകൻ ജേസൺ സഞ്ജയ് ഇൻസ്റ്റാഗ്രാമിൽ അച്ഛനെ അൺഫോളോ ചെയ്തതും വലിയ ചർച്ചകൾക്ക് വഴിതുറന്നു. അമ്മയ്ക്കുള്ള നിശബ്ദ പിന്തുണയാണ് സഞ്ജയിന്റെ ഈ നീക്കമെന്ന് ഒരു വിഭാഗം കരുതുമ്പോൾ, സഞ്ജയ് നേരത്തെ തന്നെ അച്ഛനെ ഫോളോ ചെയ്തിരുന്നില്ലെന്ന വാദവും ശക്തമാണ്.

തനിക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരന്തരമായി വരുന്ന വിവാദ പരാമർശങ്ങളിൽ സങ്കടപ്പെടുകയോ സമ്മർദ്ദത്തിലാകുകയോ ചെയ്യരുതെന്ന് ആരാധകരോട് വിജയ് അഭ്യർത്ഥിച്ചു. തന്നെ ചുറ്റിപ്പറ്റിയുള്ള സമീപകാല പ്രശ്‌നങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും ആ പ്രശ്‌നങ്ങൾ ആരാധകരുടെ വിലപ്പെട്ട സമയത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ അവ സ്വയം കൈകാര്യം ചെയ്യുമെന്നും തന്റെ പ്രശ്‌നങ്ങൾ കാരണം ആരാധകർ വിഷമിക്കുന്നത് കാണുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നും വിജയ് വ്യക്തമാക്കി. ദയവായി തനിക്ക് വേണ്ടി ആ ഭാരം ചുമക്കരുതെന്നും പകരം ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് വിജയ് ആരാധകരോട് ആവശ്യപ്പെട്ടത്.

 

article-image

asscxdsac

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed