മലങ്കര ജലാശയത്തിൽ സിനിമാ സെറ്റ് അവശിഷ്ടങ്ങൾ തള്ളി; ടൊവിനോ നായകനായ 'പള്ളിച്ചട്ടമ്പി'യുടെ നിർമ്മാതാക്കൾക്ക് 50,000 രൂപ പിഴ
ശാരിക l സനിമ l കൊച്ചി
ഇടുക്കി മലങ്കര ജലാശയത്തിൽ സിനിമാ സെറ്റിന്റെ അവശിഷ്ടങ്ങൾ തള്ളിയ സംഭവത്തിൽ ടൊവിനോ തോമസ് നായകനായ 'പള്ളിച്ചട്ടമ്പി' എന്ന സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ അധികൃതർ നടപടിയെടുത്തു. സെറ്റ് അവശിഷ്ടങ്ങൾ കൃത്യമായി നീക്കം ചെയ്യാത്തതിനെ തുടർന്ന് കുടയത്തൂർ പഞ്ചായത്താണ് നിർമ്മാതാക്കൾക്ക് 50,000 രൂപ പിഴ ചുമത്തിയത്. മുൻപും നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് നടന്നിട്ടുള്ള മലങ്കര ജലാശയവും പരിസരവും തൊടുപുഴയിലെ പ്രധാന സിനിമ ലൊക്കേഷനുകളിൽ ഒന്നാണ്.
സാധാരണയായി ഷൂട്ടിംഗിന് ശേഷം അവശിഷ്ടങ്ങൾ നീക്കം ചെയ്യാറുണ്ടെങ്കിലും പള്ളിച്ചട്ടമ്പിയുടെ ചിത്രീകരണം പൂർത്തിയായി ദിവസങ്ങൾ കഴിഞ്ഞിട്ടും ജിപ്സം പോലുള്ള രാസവസ്തുക്കൾ അടങ്ങിയ സെറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ ജലാശയത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നതിനാൽ രാസവസ്തുക്കൾ കലരുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് പഞ്ചായത്ത് ഇടപെട്ടത്.
എന്നാൽ മാലിന്യം നീക്കം ചെയ്യാൻ നേരത്തെ തന്നെ കരാർ നൽകിയിരുന്നു എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിശദീകരണം. പിഴ ചുമത്തിയതോടെ ജലാശയ പരിസരത്തുനിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്.
േ്േി


