ബഹ്റൈനിൽ പുതുതായി പണി പൂർത്തിയാക്കിയ എയർ ട്രാഫിക് കൺട്രോൾ സെന്ററിന്റെ പ്രവർത്തനം അടുത്ത മാസം ആരംഭിക്കും

ബഹ്റൈനിൽ പുതുതായി പണി പൂർത്തിയാക്കിയ എയർ ട്രാഫിക് കൺട്രോൾ സെന്ററിന്റെ പ്രവർത്തനം ഗതാഗത, ടെലികോം മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദ് വിലയിരുത്തി. അടുത്ത മാസം ഇതിന്‍റെ പ്രവർത്തനം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. രാജ്യത്തെ വ്യോമയാന മേഖലയുടെ നവീകരണത്തിനും അതുവഴി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും പുതിയ എയർ ട്രാഫിക് കൺട്രോൾ വഴി സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍റെ മാനദണ്ഡങ്ങൾ പാലിച്ചാണ് സെൻറർ സജ്ജമാക്കിയിട്ടുളളത്. ഏറ്റവും പുതിയ ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 3120 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സെന്‍ററിന്‍റെ നിർമാണത്തിന് മൊത്തം 2.7 ദശലക്ഷം ദീനാറാണ് ചെലവഴിച്ചത്. 676 ചതുരശ്ര മീറ്ററുള്ള പ്രധാന ഹാളിൽ എല്ലാ അത്യന്താധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 6.1 ദശലക്ഷം ദീനാർ ചെലവിട്ടാണ് ഉപകരണങ്ങൾ വാങ്ങിയത്. എൻജിനീയർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങി 100 ലധികം എയർ കൺട്രോളർമാരടക്കം 117 പേരാണ് ഇവിടെ സേവനമനുഷ്ഠിക്കുക. എയർപോർട്ട് എൻജിനീയറിങ് മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ച ഫ്രഞ്ച് കമ്പനിയായ എ.ഡി.പി.ഐയാണ് കെട്ടിടം രൂപകൽപന ചെയ്തത്.