കറുത്ത വസ്ത്രത്തിന്റെ പേരില്‍ നടപടിവേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്; യൂത്ത്‌കോണ്‍ഗ്രസുകാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ച് ഡിഐജി


കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെയുണ്ടായ പ്രതിഷേധത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് ഡിഐജി രാഹുല്‍ ആര്‍.നായര്‍. കറുത്ത വസ്ത്രത്തിന്റെ പേരില്‍ നടപടിയെടുക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വസ്ത്രത്തിന്റെ പേരില്‍ ആര്‍ക്കും യാത്രവിലക്ക് കല്‍പ്പിക്കാനാകില്ല. അതിനാലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാതിരുന്നതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

കറുത്ത വസ്ത്രം ധരിച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ യാത്രക്ക് മുന്‍പ് തന്നെ യാത്രക്കാരുടെ സീറ്റ് നമ്പറും പേരും പൊലീസ് പരിശോധിച്ചിരുന്നു. ഇവരോട് സംശയം തോന്നി വിവരങ്ങള്‍ തിരക്കിയപ്പോള്‍ സത്യസന്ധമായി തോന്നുന്ന മറുപടിയാണ് നല്‍കിയത്. ആശുപത്രിയാവശ്യമുള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു ഇവര്‍ മുന്നോട്ട് വച്ചത്. അങ്ങനെയുള്ളപ്പോള്‍ കറുത്ത വസ്ത്രം ധരിച്ചതും തന്റെ ശ്രദ്ധയില്‍പ്പെട്ടു. വസ്ത്ര ധാരണം കൊണ്ട് നടപടിയെടുക്കരുതെന്നാണ് ലോജിക്കും മുഖ്യമന്ത്രിയും പറഞ്ഞിരിക്കുന്നതും. അതുകൊണ്ട് തന്നെ യാത്രക്കാരെ തടയുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണ് തടയാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ മൂന്ന് പേര്‍ പ്രതിഷേധിത്തിന് തയാറെടുക്കുന്നവെന്ന ഇന്റലിജന്‍സ് വിവരം വിമാനത്താവളത്തിന്റെ ചുമതലയുള്ള സിഐഎസ്എഫിനും അതുപോലെ വിമാനത്തിലെ ക്യാപ്റ്റനെ ഉള്‍പ്പെടെ അറിയിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നുണ്ട്.

 

You might also like

  • Straight Forward

Most Viewed