മൂക്ക് കടിച്ചെടുത്തു; സംഘട്ടനത്തിൽ പ്രതിക്ക് മൂന്ന് വർഷം തടവ് ശരിവെച്ച് ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വഴക്കിനിടെ യുവാവിന്റെ മൂക്ക് കടിച്ചെടുത്ത കേസിലെ പ്രതിയുടെ ശിക്ഷ ബഹ്‌റൈൻ പരമോന്നത കോടതി ശരിവെച്ചു. 42-കാരനായ പ്രതിക്ക് കീഴ്ക്കോടതി വിധിച്ച മൂന്ന് വർഷം തടവ് ശിക്ഷയാണ് കോർട്ട് ഓഫ് കസേഷൻ നിലനിർത്തിയത്. സംഘട്ടനത്തിൽ 30-കാരനായ യുവാവിന്റെ മൂക്കിന് ഗുരുതരമായി പരിക്കേൽക്കുകയും പത്ത് ശതമാനത്തോളം സ്ഥിരമായ വൈകല്യം സംഭവിക്കുകയും ചെയ്തിരുന്നു.
നേരത്തെ ഹൈ ക്രിമിനൽ അപ്പീൽ കോടതിയും ഇതേ ശിക്ഷാവിധി ശരിവെച്ചിരുന്നു. എന്നാൽ, താൻ മനഃപൂർവ്വം ചെയ്തതല്ലെന്നും തന്നെ നിലത്തിട്ട് അമർത്തിയപ്പോൾ രക്ഷപ്പെടാൻ വേണ്ടി ശ്രമിച്ചതാണെന്നുമാണ് പ്രതി കോടതിയിൽ വാദിച്ചത്. യുവാവാണ് ആദ്യം ആക്രമണം തുടങ്ങിയതെന്നും പ്രതി അവകാശപ്പെട്ടു.
സംഭവദിവസം ഒരു കുതിര പരിപാലന സ്ഥലത്ത് ജോലി ചെയ്തിരുന്ന ഏഷ്യൻ തൊഴിലാളി ബഹളം കേട്ട് എത്തിയപ്പോഴാണ് രണ്ടാളും നിലത്ത് കിടന്ന് മല്ലിടുന്നത് കണ്ടത്. ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും യുവാവിന്റെ മുഖത്ത് നിന്ന് രക്തം വാർന്നിരുന്നു. പരിക്കേറ്റ യുവാവിനെ രക്തം വാർന്ന നിലയിൽ ഉപേക്ഷിച്ച് പ്രതി സ്ഥലത്ത് നിന്ന് കാറോടിച്ചു പോയതായും സാക്ഷിമൊഴിയുണ്ട്. ദീർഘനാളത്തെ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ശിക്ഷയിൽ ഇളവ് നൽകേണ്ടതില്ലെന്ന് പരമോന്നത കോടതി തീരുമാനിച്ചത്.
swasaas


