ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച് കാർ കവർന്നു; പ്രതി കോടതിയിൽ; താൻ ലഹരിയിലായിരുന്നുവെന്ന് മൊഴി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സ്വകാര്യ ഡ്രൈവറെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് കാർ തട്ടിയെടുത്ത കേസിൽ 26-കാരനായ പ്രതി ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതിയിൽ ഹാജരായി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംഭവത്തിൽ ബലപ്രയോഗത്തിലൂടെ കവർച്ച നടത്തിയെന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ കോടതിയിൽ കുറ്റം നിഷേധിച്ച പ്രതി, സംഭവസമയത്ത് താൻ അമിതമായി ലഹരി ഉപയോഗിച്ചിരുന്നതായും അതിനാൽ ഒന്നും ഓർമ്മയില്ലെന്നുമാണ് മൊഴി നൽകിയത്.

മറ്റൊരു സംഘത്തോടൊപ്പം പുറത്തുപോയ താൻ കാറിന്റെ പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു എന്നാണ് യുവാവിന്റെ വാദം. എന്നാൽ പ്രോസിക്യൂഷൻ റിപ്പോർട്ട് പ്രകാരം, ഒരു എക്സ്ചേഞ്ച് കമ്പനിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഇരിക്കുകയായിരുന്നു ഡ്രൈവറെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും തോളിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ഡ്രൈവർ ജീവരക്ഷാർത്ഥം പുറത്തിറങ്ങിയപ്പോൾ പ്രതി കാറുമായി കടന്നുകളയുകയായിരുന്നു.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെയും മോഷ്ടിച്ച വാഹനവും കണ്ടെത്തി. ഡ്രൈവർ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയിൽ നിന്ന് കണ്ടെടുത്ത കത്തി തന്നെയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പ്രതിക്ക് നിയമസഹായം നൽകാനായി പ്രതിഭാഗം അഭിഭാഷകനെ നിയമിക്കുന്നതിന് വേണ്ടി കോടതി കേസ് മാർച്ച് 17-ലേക്ക് മാറ്റി. അതുവരെ പ്രതിയെ റിമാൻഡിൽ വിടാനും കോടതി ഉത്തരവിട്ടു.

article-image

ssdaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed