ഇറാനിയൻ ആക്രമണങ്ങളെ അപലപിച്ചുള്ള പ്രമേയം യുഎൻ സുരക്ഷാ കൗൺസിൽ പാസാക്കി
പ്രദീപ് പൂറവങ്കര I ബഹ്റൈൻ
ബഹ്‌റൈൻ, ജോർദാൻ, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവയ്ക്കെതിരായ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കി. ബഹ്‌റൈൻ അവതരിപ്പിച്ച ഈ അറബ്-ഗൾഫ് പ്രമേയത്തിന് അന്താരാഷ്ട്ര തലത്തിൽ 135 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. സുരക്ഷാ കൗൺസിലിലെ 13 അംഗരാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രമേയത്തിന് വിരുദ്ധമായി ആരും വോട്ട് രേഖപ്പെടുത്തിയില്ല.
മേഖലയിലെ ജനവാസ കേന്ദ്രങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഇറാന്റെ ആക്രമണങ്ങളെ സുരക്ഷാ കൗൺസിൽ പ്രമേയത്തിലൂടെ അപലപിച്ചു. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആഗോള സമാധാനത്തിന് വലിയ ഭീഷണിയാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രമേയം, ആഗോള വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്റെ നീക്കങ്ങളെയും ഭീഷണികളെയും കടുത്ത ഭാഷയിൽ വിമർശിച്ചു.
പ്രമേയം അംഗീകരിച്ചതിനെ യുഎന്നിലെ ബഹ്‌റൈൻ പ്രതിനിധി ജമാൽ ഫാരിസ് അൽ റോവെയ് സ്വാഗതം ചെയ്തു. ഗൾഫ് രാജ്യങ്ങൾ നേരിടുന്ന ഇറാനിയൻ കടന്നുകയറ്റത്തിന്റെ ഗൗരവം അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ അപകടകരമായ ആക്രമണങ്ങൾ നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതയിൽ ഗൾഫ് മേഖല വഹിക്കുന്ന നിർണ്ണായക പങ്ക് സംരക്ഷിക്കാൻ സുരക്ഷാ കൗൺസിലിന്റെ ഈ നിലപാട് അത്യന്താപേക്ഷിതമാണെന്നും ബഹ്‌റൈൻ വ്യക്തമാക്കി.
asdadsas


