പത്ത് വർഷത്തെ ഗോൾഡൻ റെസിഡൻസി വിസയുമായി ബഹ്റൈൻ
പ്രദീപ് പുറവങ്കര
ബഹ്റൈനിലെ പ്രവാസികള്‍ക്കും മറ്റ് താമസക്കാര്‍ക്കുമായി പത്ത് വർഷത്തെ ഗോൾഡൻ റെസിഡൻസി വിസ ഏർപ്പെടുത്തുന്നതായി ബഹ്റൈൻ എമിഗ്രേഷൻ വകുപ്പ് പ്രഖ്യാപിച്ചു. ബഹ്റൈൻ മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. താമസക്കാരെയും വിദേശ നിക്ഷേപകരെയും, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും ബഹ്റൈനിലേക്ക് ആകര്‍ഷിക്കാനും, ഇവിടെ നിലനിര്‍ത്താനുമുള്ള ഉദ്ധേശത്തോെടെയാണ് ഗോൾഡൻ റെസിഡൻസി വിസ നടപ്പിലാക്കുന്നത്. നിരവധി ആനുകൂല്യങ്ങളാണ് ഗോൾഡൻ റെസിഡൻസി വിസയുള്ളവർക്ക് ലഭിക്കുക. നിയന്ത്രണങ്ങളില്ലാതെ ബഹ്‌റൈനിൽ നിന്നുള്ള ഒന്നിലധികം പ്രവേശനവും പുറത്തുകടക്കലും, അടുത്ത കുടുംബാംഗങ്ങൾക്കുള്ള താമസവും, ബഹ്‌റൈനിൽ ജോലി ചെയ്യാനുള്ള അവകാശവും ഇതിന്റെ ഭാഗമായി ലഭിക്കും.
ബഹ്റൈനില്‍ നടന്നു വരുന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഗോൾഡൻ റെസിഡൻസി വിസയ്ക്ക് യോഗ്യത നേടുന്നതിന്, നിലവിലുള്ള താമസക്കാർ ബഹ്‌റൈനിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും തുടർച്ചയായി താമസിച്ചിരിക്കണം കൂടാതെ അഞ്ച് വർഷ കാലയളവിൽ പ്രതിമാസം ശരാശരി അടിസ്ഥാന ശമ്പളം 2,000 ബഹ്റൈന്‍ ദിനാറില്‍ കുറയാതെ നേടിയിരിക്കണം. ഇതോടൊപ്പം ബഹ്‌റൈനിൽ രണ്ട് ലക്ഷം ദിനാറോ അതിലധികമോ മൂല്യമുള്ള ഒന്നോ അതിലധികമോ പ്രോപ്പർട്ടികൾ സ്വന്തമായുള്ളവര്‍, പ്രതിമാസം 4,000 ബഹ്റൈന്‍ ദിനാറോ അതിൽ കൂടുതലോ പെൻഷൻ വരുമാനമുള്ളവർ, വിവിധ മേഖലകളിൽ ഗവൺമെന്റ് നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള പ്രഗല്‍ഭരായ വ്യക്തികള്‍, എന്നിവരായിരിക്കും ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായിരിക്കുക. വർഷത്തിൽ 90 ദിവസമാണ് ബഹ്റൈനിൽ ഇവർ ഉണ്ടാകേണ്ടത്.


