സഹിഷ്ണുതയുടെ സന്ദേശം നൽകി ബഹ്‌റൈൻ ഗിന്നസ് ലോക റെക്കോർഡിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ലോകത്തിന് ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും ശക്തമായ സന്ദേശം നൽകിക്കൊണ്ട് ബഹ്‌റൈൻ ഗിന്നസ് ലോക റെക്കോർഡിൽ ഇടംപിടിച്ചു. ഒരു രാജ്യത്തെ ഭൂവിസ്തൃതിക്ക് ആനുപാതികമായി ഏറ്റവും കൂടുതൽ ആരാധനാലയങ്ങളുള്ള രാജ്യം എന്ന പദവിയാണ് ബഹ്‌റൈൻ സ്വന്തമാക്കിയത്. അന്താരാഷ്ട്ര സമാധാന ദിനാചരണത്തോടനുബന്ധിച്ച് മനാമയിലെ 'കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോഎക്സിസ്റ്റൻസ് ആൻഡ് ടോളറൻസിൽ' നടന്ന ചടങ്ങിലാണ് ഈ ചരിത്ര പ്രഖ്യാപനം ഉണ്ടായത്.
ഒരു ചതുരശ്ര കിലോമീറ്ററിൽ കുറഞ്ഞത് 2.3 ആരാധനാലയങ്ങൾ വേണമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് പരിധി മറികടന്ന്, 2.577 എന്ന നിരക്കിലാണ് ബഹ്‌റൈൻ ഈ നേട്ടം കൈവരിച്ചത്. 15 ലക്ഷത്തിലധികം ജനസംഖ്യയുള്ള ബഹ്‌റൈനിൽ പള്ളികൾ, ചർച്ചുകൾ, ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെ ആകെ 2,123 ആരാധനാലയങ്ങളാണുള്ളത്. സമാധാനപരമായ സഹവർത്തിത്വം എന്നത് വെറുമൊരു മുദ്രാവാക്യമല്ല, മറിച്ച് ബഹ്‌റൈനിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്ന് ഗിന്നസ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കാഴ്ചപ്പാടുകളും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ ചടങ്ങിൽ പറഞ്ഞു. സഹവർത്തിത്വത്തെക്കുറിച്ചുള്ള തത്വങ്ങൾ നടപ്പിലാക്കുന്നതിനായി ഒരു പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബഹ്‌റൈന്റെ ഈ നേട്ടം ആഗോളതലത്തിൽ വലിയ പ്രാധാന്യമുള്ളതാണെന്നും യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഉത്തമ ഉദാഹരണമാണെന്നും യുഎൻ റസിഡന്റ് കോർഡിനേറ്റർ ഖാലിദ് എൽ മെക്വാദ് വ്യക്തമാക്കി.
dfbb


