യുഎൻ സാമ്പത്തിക തകർച്ചയിലേക്ക്: പണമടയ്ക്കാതെ അംഗരാജ്യങ്ങൾ, പദ്ധതികൾ അവതാളത്തിൽ
ശാരിക l ജനീവ
ഐക്യരാഷ്ട്രസഭ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും സംഘടന തകർച്ചയുടെ വക്കിലാണെന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. അംഗരാജ്യങ്ങൾ കൃത്യമായി ഫീസ് അടക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഇത് യുഎന്നിന്റെ വിവിധ ആഗോള പദ്ധതികളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആസന്നമായ തകർച്ച ഒഴിവാക്കാൻ 193 അംഗരാജ്യങ്ങളും നിർബന്ധിത പേയ്‌മെന്റുകൾ പൂർത്തിയാക്കണമെന്നോ അല്ലെങ്കിൽ സാമ്പത്തിക നിയമങ്ങൾ പുനഃപരിശോധിക്കണമെന്നോ ആവശ്യപ്പെട്ട് ഗുട്ടെറസ് കത്തയച്ചു.
യുഎന്നിന്റെ ബജറ്റിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയിരുന്ന അമേരിക്ക പണം നൽകുന്നത് നിർത്തലാക്കിയതാണ് തിരിച്ചടിയായത്. നികുതിദായകരുടെ പണം പാഴാക്കാൻ തങ്ങളില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക, സമാധാന പരിപാലന ബജറ്റുകളിലേക്ക് പണം നൽകുന്നത് വിസമ്മതിക്കുകയും 31 യുഎൻ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയും ചെയ്തു. ട്രംപിന്റെ നേതൃത്വത്തിലുള്ള 'ബോർഡ് ഓഫ് പീസ്' യുഎന്നിന് ബദലാകുമെന്ന് വിശ്വസിക്കുന്ന പല രാജ്യങ്ങളും അമേരിക്കയുടെ പാത പിന്തുടർന്ന് കുടിശ്ശിക വരുത്തുകയാണ്.
സാമ്പത്തിക പ്രതിസന്ധി ജനീവയിലെ യുഎൻ ആസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി എസ്‌കലേറ്ററുകളും ഹീറ്ററുകളും പതിവായി ഓഫാക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വിതരണം വലിയ തോതിൽ കുറഞ്ഞത് വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളെ അതിഗുരുതരമായ അവസ്ഥയിലെത്തിച്ചു.


