വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനെ പൂർണ്ണമായും ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്; തിരിച്ചടിയായി ഓഹരി വിപണിയിലെ തകർച്ച
ശാരിക I ബിസിനസ് I മുംബൈ
വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന്റെ (IANS) അവശേഷിച്ച 24 ശതമാനം ഓഹരികൾ കൂടി ഏറ്റെടുത്തതോടെ സ്ഥാപനത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശം വ്യവസായ ഭീമൻ ഗൗതം അദാനിക്ക് സ്വന്തമായി. അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്‌വർക്ക് വഴിയാണ് ഈ നീക്കം നടത്തിയത്. 2023 ഡിസംബറിൽ 50.50 ശതമാനം ഓഹരികൾ വാങ്ങിയിരുന്ന അദാനി ഗ്രൂപ്പ്, പിന്നീട് വിഹിതം 76 ശതമാനമായി ഉയർത്തിയിരുന്നു. പുതിയ ഏറ്റെടുക്കലോടെ ഐ.എ.എൻ.എസിൽ അദാനിക്ക് സമ്പൂർണ്ണ മേധാവിത്വമായെങ്കിലും ഇടപാട് തുക വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ (SEC) നിന്നുള്ള നിയമനടപടികൾ അദാനി ഗ്രൂപ്പിന് തിരിച്ചടിയായിരിക്കുകയാണ്. ഗൗതം അദാനിയെയും മരുമകൻ സാഗർ അദാനിയെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെന്ന് എസ്.ഇ.സി കോടതിയിൽ ആവശ്യപ്പെട്ടതിനെത്തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ വിപണിയിൽ വൻ തകർച്ച നേരിട്ടു. വെള്ളിയാഴ്ച മാത്രം അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനത്തിൽ 1.1 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. അദാനി ഗ്രീൻ എനർജി (12.2%), അദാനി എന്റർപ്രൈസസ് (8.7%) തുടങ്ങിയ ഓഹരികൾ വലിയ ഇടിവ് രേഖപ്പെടുത്തി.
കൈക്കൂലി കേസിൽ ഗൗതം അദാനിക്കും സാഗർ അദാനിക്കുമെതിരെ സമൻസ് അയക്കാൻ കോടതിയുടെ സഹായം തേടുന്നതായി എസ്.ഇ.സി വ്യക്തമാക്കി. ഇതിനുമുമ്പ് ഇന്ത്യ വഴി സമൻസ് അയക്കാൻ നടത്തിയ രണ്ട് ശ്രമങ്ങളും കേന്ദ്ര നിയമമന്ത്രാലയം തള്ളിയ സാഹചര്യത്തിലാണ് എസ്.ഇ.സി നേരിട്ട് കോടതിയെ സമീപിച്ചത്. അദാനി ഗ്രീൻ എനർജി നിർമ്മിക്കുന്ന വൈദ്യുതി വാങ്ങാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും ഈ വിവരം യുഎസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചെന്നുമാണ് അദാനി ഗ്രൂപ്പിനെതിരെയുള്ള പ്രധാന ആരോപണം.
egdfg


