മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ ഇന്ന് അധികാരമേൽക്കും
ശാരിക l മുംബൈ
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് സുനേത്ര പവാർ ഇന്ന് സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കും. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി എന്ന ബഹുമതിയോടെയാണ് അവർ ഈ പദവിയിലെത്തുന്നത്. ഇന്ന് വൈകുന്നേരം അഞ്ചിന് മുംബൈയിലെ ലോക് ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച വിമാനാപകടത്തിൽ കൊല്ലപ്പെട്ട മുതിർന്ന എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ വിയോഗത്തെത്തുടർന്നാണ് ഈ നിർണ്ണായക നീക്കം. അജിത് പവാറിന്റെ വിയോഗം പാർട്ടിക്കും ഭരണസഖ്യത്തിനുമുണ്ടാക്കിയ നേതൃശൂന്യത പരിഹരിക്കാൻ എൻസിപിയിയും മഹായുതി സഖ്യവും നടത്തിയ ഉന്നതതല ചർച്ചകൾക്കൊടുവിലാണ് ഭാര്യ സുനേത്ര പവാറിനെ ഈ സ്ഥാനത്തേക്ക് തീരുമാനിച്ചത്. വെള്ളിയാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി എൻസിപി നേതാക്കളായ ഛഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, സുനിൽ തട്കരെ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. സുനേത്ര പവാർ നേതൃത്വം ഏറ്റെടുക്കണമെന്നത് പാർട്ടിയുടെയും ജനങ്ങളുടെയും പൊതുവികാരമാണെന്ന് ഛഗൻ ഭുജ്ബൽ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് വിധാൻ ഭവനിൽ ചേരുന്ന എൻസിപി എംഎൽഎമാരുടെ യോഗം സുനേത്രയെ പാർലമെന്ററി പാർട്ടി നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കും.
എൻസിപി എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ബിജെപിയും സർക്കാരും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഫഡ്നാവിസ് അറിയിച്ചു. അജിത് പവാറിന്റെ കുടുംബത്തോടും പാർട്ടിയോടുമൊപ്പം തങ്ങൾ നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യസഭാ എംപിയായ സുനേത്ര പവാർ (62), അജിത് പവാറിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്നാണ് സൂചന. അവർ രാജ്യസഭാംഗത്വം ഒഴിയുന്ന സാഹചര്യത്തിൽ മകൻ പാർഥ് പവാറിനെ രാജ്യസഭയിലേക്ക് പരിഗണിച്ചേക്കും. എൻവയേൺമെന്റൽ ഫോറം ഓഫ് ഇന്ത്യയിലൂടെ സാമൂഹിക-പരിസ്ഥിതി രംഗത്ത് സജീവമായിരുന്ന സുനേത്ര 2024-ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
ു്േു്


