ബി.എൻ. ഹസ്കർ ആർ.എസ്.പിയിലേക്ക്; ഇരവിപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും
ഷീബ വിജയൻ
സി.പി.എം വിട്ട പ്രമുഖ ചാനൽ ചർച്ചാ നിരീക്ഷകൻ അഡ്വ. ബി.എൻ. ഹസ്കർ ആർ.എസ്.പിയിൽ ചേർന്നു. കൊല്ലം ഇരവിപുരം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഹസ്കർ മത്സരിക്കാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചകളിൽ വിമർശിച്ചതിനെത്തുടർന്നാണ് ഹസ്കർ പാർട്ടിയുമായി അകന്നത്. വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തിൽ കയറ്റിയതിനെ വിമർശിച്ച ഹസ്കറിനെ സി.പി.എം നേതൃത്വം ശാസിക്കുകയും ഇടത് നിരീക്ഷകനായി ചർച്ചകളിൽ പങ്കെടുക്കരുതെന്ന് വിലക്കുകയും ചെയ്തിരുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്.
കേരളത്തിൽ നിലവിൽ ഇടതുപക്ഷ ബദലായി നിൽക്കുന്നത് വി.ഡി. സതീശനും ഷിബു ബേബി ജോണും അടക്കമുള്ളവരാണെന്ന ബോധ്യത്തിലാണ് ആർ.എസ്.പിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ഹസ്കർ വ്യക്തമാക്കി. സി.പി.എം നേതൃത്വം വലതുപക്ഷ വ്യതിയാനത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. ഇരവിപുരം മണ്ഡലത്തിൽ ഹസ്കറിനുള്ള ജനസമ്മതിയും സമുദായ സമവാക്യങ്ങളും കണക്കിലെടുത്ത് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാൻ ആർ.എസ്.പി നേതൃത്വത്തിൽ ധാരണയുണ്ടെന്നാണ് സൂചനകൾ.
deswadasasd


