മനുഷ്യക്കടത്ത് കേസ്: ബഹ്‌റൈനി യുവതിയെ കുറ്റവിമുക്തയാക്കി കോടതി; മൂന്ന് വർഷത്തെ തടവുശിക്ഷ റദ്ദാക്കി
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
വീട്ടുജോലിക്കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കിയെന്ന കേസിൽ ബഹ്‌റൈനി യുവതിക്ക് മുൻപ് വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ ഹൈ ക്രിമിനൽ കോടതി റദ്ദാക്കി. കേസിൽ യുവതി കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയ കോടതി അവരെ വെറുതെ വിട്ടു. കൃത്യമായ തെളിവുകളുടെ അഭാവവും കുറ്റകൃത്യത്തിന്റെ ഘടകങ്ങൾ ഇല്ലാത്തതുമാണ് ശിക്ഷ റദ്ദാക്കാൻ കാരണമായത്.
തൊഴിലുടമ എന്ന നിലയിൽ വേതനം നൽകാൻ ബാധ്യസ്ഥനായത് യുവതിയുടെ ഭർത്താവാണെന്നും, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ പരാതി നൽകിയിരുന്നത് ഭർത്താവിനെതിരെയാണെന്നും കോടതി നിരീക്ഷിച്ചു. ജോലിക്കാരി ഒളിച്ചോടിയതായി പോലീസിൽ റിപ്പോർട്ട് ചെയ്തതും ഭർത്താവായിരുന്നു. ജോലിക്കാരിയെ ബഹ്‌റൈനിൽ എത്തിച്ചതും അവർക്ക് ശമ്പളം നൽകാൻ ബാധ്യസ്ഥനായതും താൻ മാത്രമാണെന്നും ഇതിൽ ഭാര്യയ്ക്ക് പങ്കില്ലെന്നും ഭർത്താവ് നൽകിയ മൊഴിയും കോടതി കണക്കിലെടുത്തു.
തന്റെ കക്ഷിക്ക് പരാതിക്കാരിയുമായി നിയമപരമോ വസ്തുതാപരമോ ആയ യാതൊരു ബന്ധവുമില്ലെന്ന് പ്രതിഭാഗം അഭിഭാഷക അഡ്വ. സഹ്‌റ ഹുസൈൻ വാദിച്ചു. ജോലിക്കാരിയെ റിക്രൂട്ട് ചെയ്തതിലോ അവർക്ക് ജോലി നൽകിയതിലോ കരാറിലേർപ്പെട്ടതിലോ യുവതിക്ക് പങ്കില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഭീഷണിയോ നിർബന്ധമോ ഇല്ലാതെ സ്വമേധയാ ആണ് താൻ ജോലി ചെയ്തതെന്നും പോലീസിനെ സമീപിക്കാൻ തടസ്സമുണ്ടായിരുന്നില്ലെന്നും പരാതിക്കാരി തന്നെ മുൻപ് മൊഴി നൽകിയിരുന്നു. ഇത് ചൂഷണമോ മനുഷ്യക്കടത്തോ ആണെന്ന് പറയാനാവില്ലെന്ന് കോടതി വിലയിരുത്തി.
ഒരു ഏജൻസി വഴി ബഹ്‌റൈനിലെത്തിയ തനിക്ക് മൂന്ന് വർഷമായി ശമ്പളം ലഭിക്കുന്നില്ലെന്നും ക്രൂരമായ സാഹചര്യത്തിലാണ് ജോലി ചെയ്തിരുന്നതെന്നുമാണ് ഏഷ്യൻ സ്വദേശിനിയായ ജോലിക്കാരി പരാതി നൽകിയിരുന്നത്. എന്നാൽ യുവതിക്കെതിരെയുള്ള ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
sefsdf


