ഇന്ത്യയിൽ വിമാന നിർമാണത്തിനൊരുങ്ങി അദാനി; ബ്രസീൽ കമ്പനിയായ എംബ്രയറുമായി ധാരണാപത്രം ഒപ്പിട്ടു
ശാരിക l ദേശീയം l മുംബൈ
രാജ്യത്തെ വ്യോമയാന മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട്, ഇന്ത്യയിൽ വിമാനങ്ങൾ നിർമിക്കുന്നതിനായി ബ്രസീലിയൻ വിമാന നിർമാണ കമ്പനിയായ എംബ്രയറുമായി (Embraer) അദാനി ഗ്രൂപ്പ് ധാരണാപത്രം ഒപ്പിട്ടു. ആഭ്യന്തര യാത്രകൾക്ക് അനുയോജ്യമായ, 70 മുതൽ 146 വരെ യാത്രക്കാരെ വഹിക്കാവുന്ന ചെറിയ ജെറ്റ് വിമാനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് ആണ് ഈ സംയുക്ത സംരംഭത്തിന് നേതൃത്വം നൽകുന്നത്.
ഇറക്കുമതി ചെയ്ത ഘടകങ്ങൾ ഇന്ത്യയിൽ എത്തിച്ച് കൂട്ടിച്ചേർക്കുന്ന (Assembling) രീതിയിലായിരിക്കും നിർമാണം ആരംഭിക്കുക. രാജ്യത്ത് ഒരു റീജണൽ വിമാന നിർമാണ പ്ലാന്റ് സ്ഥാപിക്കുമെന്നും ഇത് ഇന്ത്യയുടെ ഏവിയേഷൻ ഇക്കോ സിസ്റ്റത്തെ പുനർനിർവചിക്കുമെന്നും ഗൗതം അദാനി വ്യക്തമാക്കി. പ്ലാന്റിനായി ചില സ്ഥലങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപത്തെക്കുറിച്ചും നിർമിക്കുന്ന വിമാനങ്ങളെക്കുറിച്ചുമുള്ള വിശദമായ പദ്ധതി വരും മാസങ്ങളിൽ പുറത്തുവിടും. ഇത് വെറുമൊരു ബിസിനസ് കരാറല്ലെന്നും 'ആത്മനിർഭർ ഭാരത്' ദൗത്യത്തിന്റെ ഭാഗമായി ലോകോത്തര വിമാനങ്ങൾ സ്വന്തം മണ്ണിൽ നിർമിക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് എയർബസിനും ബോയിങ്ങിനും പിന്നിൽ മൂന്നാം സ്ഥാനത്തുള്ള വിമാന നിർമാണ കമ്പനിയാണ് എംബ്രയർ. നിലവിൽ അമേരിക്കയിലും ബ്രസീലിലും മാത്രമാണ് ഇവർക്ക് നിർമാണ കേന്ദ്രങ്ങളുള്ളത്. അതിനാൽ തന്നെ ഇന്ത്യയിൽ ആരംഭിക്കുന്ന പ്ലാന്റ് ഏഷ്യയിലെ അവരുടെ ആദ്യത്തെ വിമാന നിർമാണ കേന്ദ്രമായിരിക്കും. നിലവിൽ ഇന്ത്യയിൽ സ്റ്റാർ എയർ (Star Air) മാത്രമാണ് എംബ്രയർ വിമാനങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ വരും വർഷങ്ങളിൽ എയർബസിനും ബോയിങ്ങിനും ചെറിയ വിമാനങ്ങൾ വിതരണം ചെയ്യാൻ പരിമിതികളുള്ളതിനാൽ, ഇന്ത്യയിലെ പുതിയ സ്റ്റാർട്ടപ്പ് വിമാന കമ്പനികൾ എംബ്രയറിലേക്ക് തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ വിമാന നിർമാണം തുടങ്ങാൻ ആഗോള കമ്പനികളെ കേന്ദ്ര സർക്കാർ ക്ഷണിച്ചതിന് പിന്നാലെയാണ് ഈ നിർണായക നീക്കം. ആഭ്യന്തരമായി നിർമിക്കുന്ന വിമാനങ്ങൾ വാങ്ങുന്ന കമ്പനികൾക്ക് ഇളവുകൾ നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. അദാനി-എംബ്രയർ സംരംഭം വിജയിച്ചാൽ ഭാവിയിൽ ബോയിങ്, എയർബസ് തുടങ്ങിയ വമ്പൻ കമ്പനികളും ഇന്ത്യയിൽ പ്ലാന്റുകൾ തുടങ്ങാൻ താല്പര്യം പ്രകടിപ്പിക്കുമെന്നാണ് വ്യോമയാന രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.
vxgdg


