കൈക്കൂലി കേസ്: യുഎസ് കോടതിയുടെ നോട്ടീസ് സ്വീകരിക്കാൻ ഗൗതം അദാനി സമ്മതിച്ചു
ശാരിക l ന്യൂയോർക്ക്
നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്.ഇ.സി) ഫയൽ ചെയ്ത കേസിൽ നിയമപരമായ നോട്ടീസ് കൈപ്പറ്റാൻ ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും സമ്മതിച്ചു. ന്യൂയോർക്കിലെ ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ സമർപ്പിച്ച സംയുക്ത അപേക്ഷയിലാണ് അദാനിയുടെ അഭിഭാഷകർ ഇക്കാര്യം അറിയിച്ചത്. യുഎസ് നിയമനടപടികളിലെ സാധാരണ നടപടിക്രമമാണിത്.
കോടതി ഈ അപേക്ഷ അംഗീകരിച്ചാൽ, 90 ദിവസത്തിനുള്ളിൽ അദാനിമാർക്ക് കേസിൽ മറുപടി നൽകാം. അദാനി ഗ്രീൻ എനർജി ലിമിറ്റഡുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകി യുഎസ് സെക്യൂരിറ്റീസ് നിയമങ്ങൾ ലംഘിച്ചുവെന്നാണ് നവംബറിൽ ഫയൽ ചെയ്ത സിവിൽ കേസ്. കൂടാതെ, ഇന്ത്യയിൽ സൗരോർജ്ജ കരാറുകൾക്കായി 265 മില്യൺ ഡോളർ കൈക്കൂലി നൽകാൻ പദ്ധതിയിട്ടു എന്ന ക്രിമിനൽ കുറ്റപത്രവും ഇവർക്കെതിരെയുണ്ട്. എന്നാൽ അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു.
അദാനിമാർ ഇന്ത്യയിലായതിനാൽ നോട്ടീസ് നേരിട്ട് നൽകാൻ കഴിയാത്തതിനാൽ കേസ് സ്തംഭിച്ചിരിക്കുകയായിരുന്നു. ഇമെയിൽ വഴിയോ മറ്റ് നിയമസ്ഥാപനങ്ങൾ വഴിയോ നോട്ടീസ് നൽകാൻ അനുവദിക്കണമെന്ന് എസ്.ഇ.സി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, വാൾസ്ട്രീറ്റിലെ പ്രമുഖ അഭിഭാഷകനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭിഭാഷക പട്ടികയിലുള്ളയാളുമായ റോബർട്ട് ഗിയുഫ്ര ജൂനിയറിനെ അദാനി തന്റെ വാദത്തിനായി നിയമിച്ചു. നോട്ടീസ് സ്വീകരിക്കുന്നത് നടപടിക്രമം മാത്രമാണെന്നും പരാതി തള്ളിക്കളയാൻ ആവശ്യപ്പെടുമെന്നും അദാനി ഗ്രീൻ എനർജി അറിയിച്ചു.
fgdfg


